ഇഗ്‌നോയുടെ പ്രാദേശിക കേന്ദ്രത്തിന്റെ നിര്‍മ്മാണം, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കും: കേന്ദ്ര മന്ത്രി ശ്രീ. രമേശ് പൊഖ്രിയാല്‍ ‘നിഷാങ്ക്’

കേരളത്തില്‍ തിരുവനന്തപുരം പോലെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലത്ത്   ഇഗ്‌നോയുടെ പ്രാദേശിക കേന്ദ്രം നിര്‍മിക്കുന്നത് വിദൂര വിദ്യാഭ്യാസ രംഗത്ത് ഒരു നാഴികക്കല്ലായി മാറുമെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ അത് ഒരു  പ്രധാന പങ്ക് വഹിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ശ്രീ. രമേശ് പൊഖ്രിയാല്‍ ‘നിഷാങ്ക്’, പറഞ്ഞു. 

ഇന്ദിരാ  ഗാന്ധി  നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ  തിരുവനന്തപുരം റീജിയണല്‍ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം  വെര്‍ച്വല്‍  മോഡ് വഴി നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ശ്രീ. രമേശ് പൊഖ്രിയാല്‍ .

പ്രാദേശിക കേന്ദ്രത്തിനായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണത്തോടുകൂടി   നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായതും മെച്ചപ്പെട്ടതുമായ  സാഹചര്യം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ  മേഖലയിലുണ്ടാകുമെന്നും   അത് സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള  ജനങ്ങള്‍ക്കും   ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതില്‍   നാഴികകല്ലായി മാറുമെന്നും  അദ്ദേഹം പറഞ്ഞു.

 പുണ്യ നഗരമായ തിരുവനന്തപുരത്തിന്  ആദരവ്  അര്‍പ്പിച്ചുകൊണ്ട്  സംസാരിച്ച അദ്ദേഹം  ഈ മഹത്തായ ഭൂമി രാജ്യത്തിന്റെ സാംസ്‌കാരിക, മത, രാഷ്ട്രീയ  മുന്നേറ്റങ്ങളില്‍  നേതൃനിരയിലാണുണ്ടായിരുന്നതെന്നും    ഭാരതീയ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രഭവ  കേന്ദ്രമായ  കേരളത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക കേന്ദ്രം കൂടിയാണ്  തിരുവനന്തപുരം എന്നും   കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സംസാരിച്ച  ഇഗ്‌നോ വൈസ് ചാന്‍സലര്‍ , പ്രൊഫ. നാഗേശ്വര്‍ റാവു  ബഹു . കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ . രമേഷ്  പൊഖ്‌റിയാല്‍ ‘നിഷാങ്കിന് ‘ വിദൂര വിദ്യാഭ്യാസ  മേഖലയുടെയും  പ്രത്യേകിച്ച് ഇഗ്‌നോയുടെയും  വികാസത്തിന്  വേണ്ട  പിന്തുണയും പ്രചോദനവും  നല്‍കുന്നത്തിനുള്ള   നന്ദി അറിയിച്ചു .

സാര്‍വത്രികവും  മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം  മിതമായ  നിരക്കില്‍ നല്‍കുകയെന്ന ഇഗ്‌നോയുടെ വ്യതിരിക്തമായ മാതൃകയെക്കുറിച്ച്  വിവരിച്ച്  കൊണ്ട് സംസാരിച്ച  അദ്ദേഹം    പ്രാദേശിക കേന്ദ്രത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം   ഈ മേഖലയിലെ യൂണിവേഴ്‌സിറ്റിയുടെ  പ്രവര്‍ത്തനങ്ങള്‍ക്ക്  ആക്കം കൂട്ടുമെന്നും  ഇന്ത്യയുടെ  എല്ലാ ഭൂവിഭാഗങ്ങളിലേക്കും മെച്ചപ്പെട്ട  വിദ്യാഭ്യാസം എത്തിക്കുന്നതില്‍ ഇഗ്‌നോ പ്രതിജ്ഞാബദ്ധമാണെന്നും  അദ്ദേഹം പറഞ്ഞു
 .
ഇഗ്‌നോ പ്രോ – വൈസ് ചാന്‍സലര്‍  പ്രൊഫ. സത്യകാം , രജിസ്ട്രാര്‍  ഡോ. വി.ബി. നേഗി,  റീജണല്‍ സര്‍വീസ് ഡിവിഷന്‍ ഡയറക്ടര്‍  ഡോ. എം. ഷണ്‍മുഖം,  ഫിനാന്‍സ് ഓഫീസര്‍ ശ്രീ.ജിതേന്ദ്ര ദേവ് ഗംഗ്വാര്‍, ചീഫ് പ്രൊജക്റ്റ് ഓഫീസര്‍  ശ്രീ. സുധീര്‍ റെഡ്ഡി,  തിരുവനന്തപുരം റീജിയണല്‍  സെന്റര്‍ ഡയറക്ടര്‍ ഡോ. ബി. സുകുമാര്‍ എന്നിവരും കേന്ദ്രത്തിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും   പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം