ആറ്റുകാല്‍ ക്ഷേത്രത്തില്‍ നാരാങ്ങാവിളക്ക്‌ കത്തിക്കുന്നതിനിടെ സ്ഥാനാര്‍ത്ഥി വീണാ എസ് ‌ നായരുടെ സാരിയില്‍ തീ പടര്‍ന്നു

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ നാരങ്ങാവിളക്ക്‌ കത്തിക്കുന്നതിനിടയില്‍ സ്ഥാനാര്‍ത്ഥി വീണാ എസ്‌ നായരുടെ സാരിയില്‍ തീ പടര്‍ന്നു.ക്ഷേത്രനട അടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ പ്രാര്‍ത്ഥനക്കായി എത്തുന്ന പ്രിയങ്കഗാന്ധിയെ കാത്തു നില്‍ക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി വീണാ എസ്‌ നായരും സംഘവും. അതിനിടെ പ്രിയങ്കാ ഗാന്ധി എത്തി നാരങ്ങാ വിളക്ക്‌ കത്തിക്കുന്നതിനിടെയാണ്‌ സാരിയില്‍ തീപടരുന്നത്‌. ഒപ്പമുണ്ടായിരുന്നവര്‍ തീ അണച്ചു. വീണാ എസ്‌ നായരുടെ സാരി അലങ്കോലമായതിനെ തുടര്‍ന്ന്‌ പ്രിയങ്ക തനിക്ക്‌ പ്രവര്‍ത്തകര്‍ നല്‍കിയ ഷാള്‍ വീണയെ പുതപ്പിച്ചു. അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ പകച്ചുപോയ സ്ഥാനാര്‍ത്ഥിയെ പ്രിയങ്ക തുടര്‍ന്നുളള യാത്രയില്‍ ഒപ്പം കൂട്ടുകയും ചെയ്‌തു.

വേണ്ട വിധത്തിലുളള ആസൂത്രണത്തിന്‍റെ അഭാവം നിമിത്തം പ്രിയങ്കയുടെ തിരുവനന്തപുരത്തെ പര്യടനത്തില്‍ സമയക്രമം പാലിക്കാനായില്ല. തീരദേശ മേഖലയിലെ റോഡ്‌ഷോ പോലും നിശ്ചയിച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെയുളള തിരക്കിലാണ്‌ വീണയ്ക്ക്‌ അപകടം സംഭവിക്കുന്നത്‌.

സംഭവത്തേക്കുറിച്ച്‌ വീണ തന്‍റെ ഫെയ്‌സ്‌ബുക്ക് കുറിപ്പില്‍ പങ്കുവച്ചു.” ‌ സ്ഥാനാര്‍ത്ഥിയായ എനിക്ക്‌ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പ്രിയങ്കജിയോടൊപ്പം പ്രാര്‍ത്ഥി്‌ക്കാന്‍ അവസരം ലഭിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം മുരളീധരന്‍ സാറിനൊപ്പം ഞാന്‍ ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ പ്രിയങ്കജി എത്തിയത്‌ മാത്രമേ ഞാന്‍ അറിഞ്ഞുളളു. അസഹനീയമായ ഉന്തും തളളും. സ്ഥാനാര്‍ത്ഥിയാണ്‌ എന്നുപറഞ്ഞപ്പോള്‍ കൂടെയുളളവര്‍ എന്നെ പോകാന്‍ അനുവദിച്ചു. നാരങ്ങാ വിളക്കില്‍ പ്രിയങ്കജി തിരി കൊളുത്താന്‍ നില്‍ക്കുമ്പോള്‍ പിറകിലെ ഉന്തിലും തളളിലും എന്‍റെ സാരിയില്‍ തീപിടിച്ചത്‌ ഞാന്‍ അറിഞ്ഞില്ല. പിന്നില്‍ നിന്ന്‌ എസ്‌പിജി ഉദ്യോഗസ്ഥരോ മറ്റോ ആണ്‌ തീ കെടുത്തിയത്‌. നല്ലൊരുഭാഗം തീകത്തിപ്പോയ എന്‍റെ സാരി അലങ്കോലമായി . ഉടനെതന്നെ കൈയിലുണ്ടായിരുന്ന ഷാള്‍ പ്രിയങ്ക ഗാന്ധി എന്നെ പുതപ്പിച്ചു. പിന്നെ എന്‍റെ കൈപിടിച്ചുകൊണ്ട്‌ ഒരു കൊച്ചുകുട്ടിയെ കൊണ്ടുപോകുന്ന വാത്സല്യത്തോടെ പ്രാര്‍ത്ഥിക്കാന്‍ കൊണ്ടുപോയി.

പ്രാര്‍ത്ഥന കഴിഞ്ഞ്‌ തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ ഒരത്യാവശ്യ വിഷയം സംസാരിക്കാനുണ്ടെന്ന്‌ പറഞ്ഞ് എന്നോട്‌ കാറില്‍ കയറാന്‍ പറഞ്ഞു. വഴിമദ്ധ്യേ കാര്യം സംസാരിക്കുകയും വഴിയോരത്ത്‌ കാത്തുനിന്ന പതിനായിരങ്ങളോട്‌ സണ്‍റൂഫില്‍ നിന്ന്‌ കൈവീശുമ്പോള്‍ എന്നോടും കൂടെ എഴുന്നേറ്റ്‌ നില്‍ക്കാന്‍ പറഞ്ഞു. അല്‌പം മടിച്ചുകൊണ്ട്‌ സാരിയുടെ കാര്യ പറഞ്ഞ് എന്‍റെ നേരെ പ്രിയങ്കജി ധരിച്ചിരുന്ന മഞ്ഞ ചുരിദാറിന്‍റെ ഷാള്‍ നീട്ടി ഇത്‌ പുതച്ചാല്‍ മതിയെന്ന്‌ പറഞ്ഞു. പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്‌നേഹവും സാന്ത്വനവും കുറച്ചു നേരമെങ്കിലും ഞാന്‍ അനുഭവിച്ചു.”

Share
അഭിപ്രായം എഴുതാം