പരിക്ക്: മോര്‍ഗനും അയ്യരും കളിക്കില്ല

പുനെ: ഇന്ത്യക്കെതിരേ 26/03/21 വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗാനും സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍ സാം ബില്ലിങ്സും കളിക്കാനിടയില്ല. പരുക്കേറ്റ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യര്‍ക്ക് ഏകദിന പരമ്പര തന്നെ നഷ്ടമാകും. ഒന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണു മോര്‍ഗാനും ബില്ലിങ്സിനും പരുക്കേറ്റത്. പന്ത് കൊണ്ട് മോര്‍ഗാന്റെ തള്ളവിരലിനും ചൂണ്ടുവിരലിനും പരുക്കേറ്റിരുന്നു. മുറിവുകള്‍ തുന്നിക്കെട്ടിയ ശേഷമാണു മോര്‍ഗാന്‍ ബാറ്റ് ചെയ്തത്. പന്ത് അതിര്‍ത്തി കടക്കുന്ന തടയാന്‍ ഡൈവ് ചെയ്യവേ ബില്ലിങ്സിന്റെ ഇടതു തോളെല്ലിനു പരുക്കേറ്റിരുന്നു. പരുക്കു വകവയ്ക്കാതെയാണു ബില്ലിങ്സും ബാറ്റ് ചെയ്തത്. ഇന്ത്യ മുന്നോട്ടു വച്ച 316 റണ്ണിന്റെ ലക്ഷ്യം പിന്തുടരവേ മോര്‍ഗാന്‍ 22 റണ്ണും ബില്ലിങ്സ് 18 റണ്ണുമാണ് എടുത്തത്.

ഇടതു തോളെല്ലിനു പരുക്കേറ്റ് ശസ്ത്രക്രിയ വേണ്ടിവന്നതിനാല്‍ ബില്ലിങ്സിനു 2019 ഏകദിന ലോകകപ്പില്‍ കളിക്കാനായില്ല. തന്റെ ടീം ലോകകപ്പ് നേടുന്നത് അദ്ദേഹം പുറത്തിരുന്നു കണ്ടു.

ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കേയായിരുന്നു ബില്ലിങ്സിനു പരുക്കേറ്റത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇം ണ്ട് 1-0 ത്തിനു പിന്നിലാണ്. നാളത്തെ മത്സരത്തില്‍ ജയിക്കേണ്ടത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.രണ്ടാം ഏകദിനത്തില്‍ ലിയാം ലിവിങ്സ്റ്റണിനെ ഉള്‍പ്പെടുത്തുമെന്നു മോര്‍ഗാന്‍ വ്യക്തമാക്കി. പകരക്കാരനായി ഫീല്‍ഡ് ചെയ്ത ലിയാം മാര്‍ക്ക് വുഡിന്റെ പന്തില്‍ തകര്‍പ്പന്‍ റണ്ണിങ് ക്യാച്ചിലൂടെ ശ്രേയസ് അയ്യരെ പുറത്താക്കിയിരുന്നു. ഇം ണ്ടിനു വേണ്ടി രണ്ട് ട്വന്റി20 മത്സരങ്ങള്‍ കളിച്ച ലിയാം ഇതുവരെ ഏകദിനത്തില്‍ കളിക്കാനായില്ല. മാറ്റ് പാര്‍കിന്‍സണ്‍, റീസ് ടോപ്ലെ എന്നിവര്‍ക്കും അവസരങ്ങള്‍ നല്‍കാനാണ് ഇംഗ്ലണ്ട് നായകന്‍ ആലോചിക്കുന്നത്. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ജയം അര്‍ഹിച്ചതാണെന്നു മോര്‍ഗന്‍ പറഞ്ഞു. ഇംഗ്ലണ്ട് ഇന്നിങ്സിലെ എട്ടാം ഓവറിലാണു ശ്രേയസ് അയ്യര്‍ക്കു പരുക്കേറ്റത്. ബില്ലിങ്സിനെപ്പോലെ പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ തോളെല്ലിനാണു പരുക്കേറ്റത്. തോളെല്ലിന്റെ സ്ഥാനം തെറ്റിയതായി വിശദ പരിശോധനയില്‍ വ്യക്തമായി.ശ്രേയസ് അയ്യരെ പരമ്പരയില്‍നിന്ന് ഒഴിവാക്കിയതായി ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എങ്കിലും പരുക്കില്‍നിന്നു മുക്തനാകാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്നാണു കരുതുന്നത്. അടുത്ത മാസം ഒന്‍പതിന് ആരംഭിക്കുന്ന ഐ.പി.എല്‍. ക്രിക്കറ്റിലെ ആദ്യ മത്സരങ്ങളിലും അയ്യര്‍ക്കു കളിക്കാനാകില്ല. തോളിനു ശസ്ത്രക്രിയ നടത്തുകയാണെങ്കില്‍ അദ്ദേഹത്തിന് ഐ.പി.എല്‍. സീസണ്‍ തന്നെ നഷ്ടമാകും. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകന്‍ കൂടിയാണ് ശ്രേയസ് അയ്യര്‍. കഴിഞ്ഞ രണ്ട് ഐ. പി.എല്ലിലും ശ്രേയസിന്റെ നായക മികവായിരുന്നു ഡല്‍ഹിയുടെ പ്രധാന കരുത്ത്.

Share
അഭിപ്രായം എഴുതാം