രാമക്ഷേത്ര നിര്‍മാണം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് രാം ജന്‍മ്ഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. രണ്ടര ഏക്കറിലായി നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ചുറ്റുമായി പാര്‍ക്കോട്ട എന്ന് വിളിക്കുന്ന ഒരു മതില്‍ നിര്‍മിക്കുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയായി ആകെ ലഭിച്ചത് 2500 കോടി രൂപ. മാര്‍ച്ച് നാലു വരെയുള്ള കണക്കാണിത്. നേരത്തെ നിര്‍ദിഷ്ട ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്ന് കിടക്കുന്ന 7285 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭൂമി ട്രസ്റ്റ് വാങ്ങിയിരുന്നു. ക്ഷേത്ര നിര്‍മാണത്തിനായി സുപ്രീംകോടതി അനുവദിച്ച 70 ഏക്കര്‍ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയാണിത്. പ്രദേശവാസിയുടെ വസ്തു ഒരു കോടി രൂപ നല്‍കിയാണ് ട്രസ്റ്റ് സ്വന്തമാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാമക്ഷേത്ര സമുച്ചയം 70 ഏക്കറില്‍ നിന്ന് 107 ഏക്കറായി വിപുലീകരിക്കാനാണ് ട്രസ്റ്റ് ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാന ക്ഷേത്രം അഞ്ച് ഏക്കറിലായിരിക്കും നിര്‍മിക്കുക. ബാക്കിയുള്ള 100 ഏക്കറോളം ഭൂമി മ്യൂസിയം, ലൈബ്രറി, യാഗശാല, ആര്‍ട്ട് ഗ്യാലറി എന്നിവക്കായി ഉപയോഗിക്കും

Share
അഭിപ്രായം എഴുതാം