‘പോസ്റ്ററിനു പിന്നിൽ വർഗശത്രുക്കളോടു കൂട്ടുചേർന്ന ഇരുട്ടിന്റെ സന്തതികൾ ‘പാലക്കാട് പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എ.കെ ബാലൻ

തിരുവനന്തപുരം: പാലക്കാട് തരൂരില്‍ ഡോ.പികെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എകെ ബാലന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയമായിട്ടില്ല. ഇപ്പോള്‍ ഉയരുന്നത് അബദ്ധജടിലമായ വാര്‍ത്തകളാണ്, പോസ്റ്റര്‍ പതിപിച്ചതിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്നും അദ്ദേഹം പറഞ്ഞു. സേവ് സിപിഐഎം എന്ന കൂട്ടായ്മ ഇപ്പോഴില്ലെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.

‘ഇപ്പോള്‍ കൊടുക്കുന്ന വാര്‍ത്തകളെല്ലാം അബദ്ധജടിലമാണ്. വാസ്തവ വിരുദ്ധമാണ്. ഒരു സ്ഥാനാര്‍ത്ഥിയെയും നിലവില്‍ തീരുമാനിച്ചിട്ടില്ല. ഈ പ്രക്രിയക്കിടയില്‍ ചില സ്ഥാനാര്‍ത്ഥകള്‍ വരും. ചിലര്‍ പോവും. അത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രക്രിയയല്ല’, എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എകെ ബാലന്റെ ഭാര്യ പി കെ ജമീല തരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ പാലക്കാട് നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എ.കെ ബാലന്റെ പ്രതികരണം. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്ന ഭീഷണിയും പോസ്റ്ററിലുണ്ടായിരുന്നു. “സേവ് സിപിഐഎം ഫോറം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. കേരളത്തിലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സംഘടനയാണ് അത്. തെരഞ്ഞെടുപ്പ് കാലത്ത് രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങള്‍ക്കറിയാം “അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ജീവിതമെല്ലാം തുറന്നപുസ്തകമാണെന്നും തന്റെയും കുടുംബത്തിന്റെയും ചരിത്രം എല്ലാവര്‍ക്കും അറിയാമെന്നും ബാലന്‍ പറഞ്ഞു. ‘മണ്ഡലത്തില്‍ ഓരോ തവണയും എന്റെ ഭൂരിപക്ഷം ഉയര്‍ന്നിട്ടുണ്ട്. ഇത് സിപിഐഎം വോട്ടുകള്‍ മാത്രമല്ല. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ത്ഥി ചരിത്ര വിജയം നേടും. മാത്രമല്ല, അത് എനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തോടെയായിരിക്കും’, അദ്ദേഹം അഭിപ്രായപ്പെട്ടു.

Share
അഭിപ്രായം എഴുതാം