അമൃത് പദ്ധതി : വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉദ്ഘാടനം ഫെബ്രുവരി 24ന്

തൃശ്ശൂർ: നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 എം എല്‍ ഡി  വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 2.00 മണിയ്ക്ക് അയ്യന്തോള്‍ ഇ.കെ.മേനോന്‍ മന്ദിരത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ജലവിഭവവകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി തൃശൂര്‍ നഗരവാസികള്‍ക്കായി സമര്‍പ്പിക്കും.
  
തൃശൂര്‍ നഗരവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി കോര്‍പ്പറേഷന്‍ പ്രതിദിനം ആളോഹരി 150 ലിറ്റര്‍ ജലത്തിനു മുകളില്‍ ലഭ്യമാകാവുന്ന രീതിയിലാണ് പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. 17.30 കോടി രൂപ ചിലവഴിച്ച് പ്രതിദിനം 200 ലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കുന്ന  ആധുനിക വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ചടങ്ങില്‍ ക്ലാരിഫ്‌ലോക്കുലേറ്റര്‍ യൂണിറ്റുകളുടെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. റോ വാട്ടര്‍ പമ്പ് സെറ്റ് സ്വിച്ച് ഓണ്‍ കര്‍മം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ഫില്‍റ്റര്‍ ഹൗസ് ഉദ്ഘാടനം എം പി ടി എന്‍ പ്രതാപനും, കെമിക്കല്‍ ഹൗസ് ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജനും നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, അമൃത് മിഷന്‍ ഡയറക്ടര്‍ ഡോ രേണു രാജ്, കേരള വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ ടി കെ ജോസ്, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം