ലിംഗായത്ത് മഠാധിപതിയേയും സഹായിയേയും കൊലപ്പെടുത്തിയ പ്രതി പിടിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ലിംഗായത്ത് മഠാധിപതിയേയും സഹായിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തെലങ്കാന സംസ്ഥാന അതിര്‍ത്തിയായ താനൂര്‍ സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് പ്രതി സായിനാഥ് ലിംഗാരെ(25)യെ പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര നന്ദേഡ് നാഗത്താന ലിംഗായത്ത് ആശ്രമ മഠാധിപതി സ്വാമി ശിവാചാര്യ നിര്‍വാണരുദ്ര പുഷ്പാദിനാഥ് മഹാരാജ്, സഹായി ഭഗവാന്‍ ഷിന്‍ഡെ എന്നിവരെ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഷിന്‍ഡയെ കൊലപ്പെടുത്തി മൃതദേഹം ബാത്ത്റൂമില്‍ ഇട്ടശേഷമാണ് സ്വാമിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

സ്വാമിയുടെ മൃതദേഹവുമായി ആശ്രമത്തിന്റെതന്നെ കാറില്‍ രക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചു. എന്നാല്‍, കാര്‍ ആശ്രമത്തിന്റെ ഗേറ്റിലിടിക്കുകയും തുടര്‍ന്ന് സമീപവാസികള്‍ ഉണരുകയുമായിരുന്നു. ആളുകള്‍ പുറത്തിറങ്ങിയതോടെ പ്രതി കാര്‍ ഉപേക്ഷിച്ച് ബൈക്കില്‍ കയറി സ്ഥലംവിട്ടു. സമീപവാസികളാണ് കാറിനുള്ളില്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ ആശ്രമത്തിലെ സുരക്ഷാജീവനക്കാരന്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ആശ്രമത്തില്‍നിന്ന് പണം, ലാപ്ടോപ്പ്, വിലപിടിപ്പുള്ള മറ്റു സാധനങ്ങളും പ്രതി കവര്‍ച്ച നടത്തിയിട്ടുണ്ട്. പ്രതിയില്‍നിന്ന് 40,000 രൂപ കണ്ടെടുത്തു. പല്‍ഘറില്‍ സന്ന്യാസിമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊലപ്പെടുത്തിയതിനു പിന്നാലെ ലിംഗായത്ത് മഠാധിപതിയെയും സഹായിയെയും കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഒരുമാസത്തിനുള്ളിലാണ് രണ്ട് സംഭവങ്ങളും നടന്നത്.

Share
അഭിപ്രായം എഴുതാം