കിണറ്റില്‍ ജോലിക്കിറങ്ങിയ ആളുടെമേല്‍ 800 കിലോ ഭാരമുള്ള കല്ലുവീണു, അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂര്‍: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയുടെ ദേഹത്തേക്ക് 800 കിലോ ഭാരമുള്ള പാറ ചരിഞ്ഞു. പാറയ്ക്കടിയില്‍ ശിരസ് മാത്രം പുറത്തുകാണത്തക്കവിധം കൂടുങ്ങിപ്പോയ ആളെ ഒന്നര മണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ അഗ്‌നിശമന സേനയെത്തി പുറത്തെടുത്തു. വലക്കാവ് കൊഴുക്കള്ളി ചേന്ത്ര വീട്ടില്‍ രാജന്‍ (50) ആണ് കിണറിനുള്ളില്‍ പാറയ്ക്കടിയില്‍ കുടുങ്ങിപ്പോയത്.

അരിമ്പൂര്‍ നാലാംകല്ലില്‍ കുമ്പളത്തുപറമ്പില്‍ വിപിന്റെ വീട്ടുകിണര്‍ നാലുപേര്‍ ചേര്‍ന്ന് വൃത്തിയാക്കുന്നിതിനിടെയാണ് സംഭവം. നേരത്തെ പൊട്ടിച്ചുമാറ്റിയ പാറയുടെ ശേഷിച്ച ഒരുഭാഗം രാജന്റെ ശരീരത്തിലേക്ക് ചരിയുകയായിരുന്നു. വടം കെട്ടിയും ഹൈഡ്രോളിക് ജാക്ക് ഉപയോഗിച്ചും പാറ ഉയര്‍ത്തിയാണ് രാജനെ രക്ഷിച്ചത്. തൃശൂരില്‍നിന്നെത്തിയ അഗ്‌നിശമനസേനയും അന്തിക്കാട് പൊലീസും നാട്ടുകാരും ചേര്‍ന്ന് രാജനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.

Share
അഭിപ്രായം എഴുതാം