ഗൂഗിള്‍ സൗജന്യ വൈഫൈ ഇല്ലെങ്കിലും സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ

ന്യൂഡല്‍ഹി ഫെബ്രുവരി 18: ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിച്ചാലും സ്റ്റേഷനുകളില്‍ വൈഫൈ ലഭ്യമാക്കുമെന്ന് റെയില്‍വേ. ഈ വര്‍ഷം അവസാനത്തോടെ വൈഫൈ സ്റ്റേഷന്‍ പദ്ധതി അവസാനിപ്പിക്കുമെന്നായിരുന്നു ഗൂഗിള്‍ വ്യക്തമാക്കിയത്. 400ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് അവസാനിപ്പിക്കുന്നതായി ഗൂഗിള്‍ വ്യക്തമാക്കിയത്. 2020 മെയ് മാസത്തിലാണ് റെയിവേയുടെ ഗൂഗിളുമായുള്ള കരാര്‍ അവസാനിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയും റെയില്‍ടെല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നായിരുന്നു ഗൂഗിള്‍ പദ്ധതി നടപ്പിലാക്കിയിരുന്നത്. തടസ്സമില്ലാതെ വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. രാജ്യത്തെ 5600ല്‍ അധികം സ്റ്റേഷനുകളില്‍ റെയില്‍ടെലാണ് സൗജന്യമായി വൈഫൈ സേവനം നല്‍കുന്നത്. വൈഫൈ ഇല്ലാത്തത് മൂലം യാത്രക്കാര്‍ക്ക് ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുണ്ടാവില്ലെന്നും റെയില്‍ടെല്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം