ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്ന് എംടി രമേശ്

എംടി രമേശ്

കോഴിക്കോട് ഡിസംബര്‍ 28: കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ഉയര്‍ന്നത് സുരക്ഷാ വീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അറിയാമെന്നും രമേശ് വ്യക്തമാക്കി. ഗവര്‍ണര്‍ കണ്ണൂരിലെത്തിയപ്പോള്‍ മുതല്‍ പ്രതിഷേധമുണ്ടായി. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.

ഗവര്‍ണറെ രാഷ്ട്രപതി നിയമിച്ചതാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിക്ക് കേരളത്തില്‍ നിര്‍ബാധം സഞ്ചരിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കുന്നില്ലെങ്കില്‍ കേന്ദ്രം അതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസ്സാക്കിയിട്ടുള്ള രാഷ്ട്രപതി ഒപ്പിട്ടിട്ടുള്ള നിയമത്തെ അനുകൂലിച്ചാണ് ഗവര്‍ണര്‍ സംസാരിക്കേണ്ടതെന്നും കേരള ഗവര്‍ണര്‍ക്ക് ഭരണഘടനയെക്കുറിച്ചും നിയമസംവിധാനത്തെക്കുറിച്ചമൊക്കെ ബോധ്യമുണ്ടെന്നും രമേശ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം