ചൊക്രമുടി കൈയ്യേറ്റം: തടയണ നിർമ്മാണം നീർച്ചാലുകൾ നശിപ്പിച്ചു. വന്യമൃഗങ്ങളെ ആട്ടിയോടിച്ചു. മണ്ണ്- പാറ- വൻ ഖനനം- മരങ്ങൾ നീക്കി -നടന്നത് സർവത്ര അക്രമം – അന്വേഷണ റിപ്പോർട്ട്

ഇടുക്കി: ദേവികുളം താലൂക്കിലെ ബൈസൺവാലിയിൽ ചൊക്രമുടി മലയുടെ മുകളിൽ നടന്നത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയുള്ള തോന്നിവാസങ്ങൾ. സേതുരാമൻ ഐപിഎസിന്റെ അന്വേഷണ റിപ്പോർട്ടിലൂടെ കടന്നു പോകുമ്പോൾ ചൊക്രമുടിയിൽ നടത്തിയ കാര്യങ്ങൾ രാഷ്ട്രീയ ഉദ്യോഗസ്ഥ പിന്തുണയില്ലാതെ ആർക്കും ചെയ്യുവാൻ പറ്റുന്നതല്ല എന്ന് വ്യക്തമാകും

സംസ്ഥാനത്ത് ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരയാണ് ഈ പ്രദേശം. അവിടെയാണ് വൻകിട നിർമ്മാണങ്ങൾ ആരംഭിച്ചത്. ടൂറിസം സാധ്യത മുന്നിൽ കണ്ടുകൊണ്ട് വൻപിച്ച വിലക്കാണ് ഇവിടെ ഭൂമാഫിയ ഭൂമിക്കച്ചവടം നടത്തിയത്. രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ മേധാവികളുടെയും പങ്കാളിത്തത്തോടുകൂടിയാണ് ഇതെല്ലാം നടത്തിയത്. കുറ്റകൃത്യങ്ങൾ എണ്ണിയെണ്ണി പറയുന്ന റിപ്പോർട്ട് പക്ഷേ അവർക്കെതിരെ വിരൽ ചൂണ്ടുന്നില്ല.

വൻതോതിൽ മണ്ണും കല്ലും നീക്കം ചെയ്ത് റോഡ് വെട്ടി. ഒരു നീർച്ചാൽ തടഞ്ഞുനിർത്തി. തടയണ നിർമ്മിച്ചതോടെ നീർച്ചാൽ ഇല്ലാതായി. വരയാടും ആനയും അടക്കമുള്ള വന്യജീവികളെ അവിടെ നിന്നും ഓടിച്ചു. പട്ടയം നൽകുവാൻ അനുമതിയില്ലാത്ത പാറപ്പുറം പോക്കായി റീസർവ്വേ രേഖകളിൽ പറഞ്ഞിരുന്ന പ്രദേശങ്ങളാണ് ഈ വിധത്തിൽ പ്ലോട്ടുകൾ ആയി തിരിച്ച് വിറ്റ് ഭൂമി പിടുത്തക്കാരും ഉദ്യോഗസ്ഥ ലോബിയും പണമുണ്ടാക്കിയത്. പങ്ക് രാഷ്ട്രീയ നേതൃത്വം കയ്യടക്കി.

K സേതുരാമൻ ഐപിഎസിന്റെ അന്വേഷണ റിപ്പോർട്ടിൽ ചൊക്ര മുടിയിൽ നടത്തിയ പ്രവർത്തനങ്ങളെപ്പറ്റി വിവരിക്കുന്നത് അതേപടി വായിക്കാം.

റിപ്പോർട്ടിൽ നിന്ന്

3. മണ്ണ്, പാറ ഖനനം
ഉദ്ദേശം 25 ഏക്കറോളം വിസ്തീർണ്ണം വരുന്ന ഭൂമിയിൽ പുൽമേടുകൾ ജെസിബി / ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണിളക്കി പ്രദേശമാകെ മാറ്റി മറിക്കുക വഴി പാരിസ്ഥിതിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ അനധികൃതമായി ടി പ്രദേശത്ത് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വലിയ പാറക്കെട്ടുകൾ പൊട്ടിച്ച് കഷണങ്ങളാക്കി റോഡ് നിർമ്മാണത്തിനും, പ്ലോട്ട് തിരിച്ച് കല്ലു കെട്ടുന്നതിനും ഉപയോഗിച്ചിരിക്കുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച ഇലക്ട്രിക് കേപ്പ് മുതലായവയുടെ അവശിഷ്ടങ്ങൾ സ്ഥലത്ത് കാണപ്പെടുന്നു. [Annexure-II(a)] ഇതുവഴി കയ്യേറ്റക്കാർ കേരള മൈനർ മിനറൽസ് കൺസഷൻ ചട്ടങ്ങൾ 2015 ലംഘിച്ചിരിക്കുകയാണ്. റോഡ് പണിക്ക് വേണ്ടി വലിയ ഉരുളൻ പാറകൾ ജെ. സി. ബി. ഉപയോഗിച്ച് മാറ്റിയിട്ടിരിക്കുന്നത് കുത്തനെ ചെരിവുള്ള പ്രദേശത്തിന് താഴെയുള്ള താമസക്കാർക്ക് ഭീഷണിയുള്ളതായും കാണുന്നു.[Annexure-II(b)] ഈ പ്രദേശത്തിന് വടക്കുഭാഗത്ത് കൂടി കിഴക്ക്-പടിഞ്ഞാറായി കടന്നുപോകുന്ന കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നിരന്തരമായി മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെടുന്ന പ്രദേശമാണ്. ആയതിൽ നിന്നു തന്നെ ടി പ്രദേശത്തിന്റെ പാരിസ്ഥിതികലോലത മനസ്സിലാക്കാവുന്നതാണ്.

4. നീർച്ചാലുകൾക്ക് ഉണ്ടായ നാശം

(a) ചൊക്രമുടി മലനിരയുടെ മുകളിൽ നിന്ന് ഒഴുകിവരുന്ന നിരവധി നീർച്ചാലുകൾക്ക് കുറുകെയാണ് അനധികൃത ഖനനവും റോഡ് നിർമ്മാണവും മറ്റും നടത്തിയിട്ടുള്ളത്. ഇത് നീർച്ചാലുകളുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയതായും ഗതി മാറ്റി വിട്ടതായും കാണുന്നു. ഇത് ഭാവിയിൽ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുന്നതിനും അതുവഴി മലയിടിച്ചിലിനും, മറ്റു സമാന ദുരന്തങ്ങൾക്കും കാരണമായേക്കാവുന്ന കാര്യമാണ്.

5. തടയണ നിർമ്മാണം

(a) മലമുകളിൽ നിന്ന് ഒഴുകിവരുന്ന നീർച്ചാലിലെ വെള്ളം ഉദ്ദേശം 20 മീറ്റർ നീളത്തിലും, 10 മീറ്റർ വീതിയിലും നാലു മീറ്റർ ആഴത്തിലും ഒരു വലിയ തടയണ കെട്ടി കുളം നിർമ്മിച്ച് വെള്ളം കെട്ടി നിറുത്തിയതായും ഈ തടയണയുടെ തെക്കുപടിഞ്ഞാറെ മൂലയിലുള്ള മണ്ണും കല്ലും നിക്ഷേപിച്ചുണ്ടാക്കിയ ബണ്ട് കനത്ത മഴയിൽ തകർന്ന് ബണ്ടിന്റെ ഒരു ഭാഗം താഴേക്ക് ഒലിച്ചു പോയതായും നിലവിൽ ഭാഗികമായി മാത്രം ടി കുളത്തിൽ വെള്ളം കെട്ടിനിൽക്കുന്നതായും കാണുന്നു. [Annexure-III(a)]

6. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം

(a) ആന, വരയാട്, കാട്ടുപോത്ത് എന്നിങ്ങനെ വിവിധ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ് ടി സ്ഥലം എന്ന് പ്രദേശവാസികളിൽ നിന്നും അറിയുവാൻ കഴിഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ ഈ പ്രദേശത്ത് നടത്തിയിട്ടുള്ള അനധികൃത കയ്യേറ്റവും, ഖനനവും, നിർമ്മാണ പ്രവർത്തനവും വന്യജീവികളുടെ ആവാസവ്യവസ്ഥയെയും സ്വൈര വിഹാരത്തെയും തടസ്സപ്പെടുത്തുന്ന ഒന്നാണ്.

7. മരങ്ങൾ മുറിച്ചു കടത്തിയത്

(a) ഈ പ്രദേശത്ത് സ്വാഭാവികമായി വളർന്നുവന്ന വിവിധ ഇനത്തിലുള്ള ധാരാളം വൃക്ഷങ്ങൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ അറിയിച്ചു . നിലവിൽ അനധികൃത പ്രവർത്തനം നടന്ന സ്ഥലത്തുനിന്നും നൂറുകണക്കിന് യൂക്കാലിപ്റ്റ്സ്, മറ്റുകാട്ടുമരങ്ങൾ എന്നിവ മുറിച്ചു കടത്തിക്കൊണ്ടു പോയിട്ടുള്ളതായും, ആയതിന്റെ കുറ്റികൾ യന്ത്രങ്ങൾ ഉപയോഗിച്ച് പിഴുതു കൂട്ടിയിട്ടുള്ളതായും [Annexure-IV(a)] കുറെയേറെ മരങ്ങൾ കത്തിച്ച് ടി സ്ഥലത്തെ അനധികൃത ടാറിങ്ങിനും മറ്റും ഉപയോഗിച്ചതായും കാണുന്നു. [Annexure-IV(b)]

(b) അനധികൃതമായ പ്രവർത്തികൾ നടന്ന ഈ സ്ഥലം പാരിസ്ഥിതികമായി വളരെ പ്രധാനപ്പെട്ട സ്ഥലവും, കേരളത്തിലെ അറിയപ്പെടുന്ന ഒരു കൊടുമുടിയുമാണ്. ടി പ്രദേശം കയ്യേറ്റരഹിതമായി സംരക്ഷിക്കപ്പെടേണ്ടത് നാടിൻറെ ആവശ്യമാണ് . ഈ പ്രദേശത്തോ സമീപത്തോ യാതൊരു തരത്തിലുള്ള കൃഷിയും ഉള്ളതായി കാണുന്നില്ല. യാതൊരുവിധ കൃഷികളും ഒരു ഘട്ടത്തിലും ഈ ഭൂമിയിൽ ചെയ്തിട്ടില്ലെന്നും ശക്തമായി കാറ്റടിക്കുന്ന ടി മലമുകളിലെ ഈ ഭൂമി കൃഷിക്ക് ഉപയുക്തമായ ഭൂമി അല്ലെന്നും കാണാവുന്നതാണ്. ഈ പ്രദേശത്ത് സ്വാഭാവികമായി വളർന്നുവന്ന പുൽമേടും വിവിധ ഇനത്തിലുള്ള ധാരാളം കാട്ടുമരങ്ങളും ഗ്രാന്റീസ് മരങ്ങളും ഉണ്ടായിരുന്നതായും ആയവയൊന്നും ആരും നട്ടുവളർത്തിയതല്ലെന്നും സ്ഥല പരിശോധനയിൽ പരിസരവാസികൾ അറിയിച്ചിട്ടുള്ളതാണ്.

(c) പാറക്കൂട്ടങ്ങളും, നീർച്ചാലുകളും, പുൽമേടുമായി സ്ഥിതി ചെയ്യുന്നതും മനുഷ്യ ഇടപെടൽ ഇല്ലാതിരുന്നതുമായ ചൊക്രമുടി മലഞ്ചെരുവിൽ ആണ് ഇത്തരത്തിൽ അനധികൃതമായി കയ്യേറി കൈവശപ്പെടുത്തി അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങളും, ഖനനവും നടത്തിയിട്ടുള്ളത് എന്നത് സുവ്യക്തമാണ്. ഘടനാപരമായ യാതൊരു വ്യത്യാസവുമില്ലാതെ പുല്ലുപിടിച്ച് പ്രത്യേക അതിർത്തികളോ മറ്റു വേർതിരിവോ ഇല്ലാതെ കിടന്നിരുന്ന ഭൂമിയിലാണ് അടുത്തകാലത്ത് കയ്യേറ്റക്കാർ പ്രവേശിച്ച് അനധികൃത കയ്യേറ്റവും, ഖനനവും, നിർമ്മാണ പ്രവർത്തനവും, പ്ലോട്ടുകൾ തിരിക്കലും നടത്തിയിട്ടുള്ളത്. മനുഷ്യരുടെ ഇടപെടലുകൾ ഇല്ലാതെ സ്വാഭാവിക പുൽമേടായും നീലക്കുറിഞ്ഞിയും തെരുവപുല്ലും മറ്റ് കാട്ടുചെടികളും നിറഞ്ഞതും, നീർച്ചാലുകളും മറ്റ് വൻമരങ്ങളും നിന്നിരുന്നതുമായ ഭൂമിയിൽ ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രം ആരംഭിച്ച അനധികൃത നിർമ്മാണ പ്രവർത്തികളിലൂടെ ടി സ്ഥലത്ത് വൻ പാരിസ്ഥിതിക ആഘാതം വരുത്തിയിട്ടുള്ളതായി കാണാവുന്നതാണ്.

ഇങ്ങനെയാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. മാസങ്ങളായി നടന്നുവന്നിരുന്ന വൻകിട നിർമ്മാണ പ്രവർത്തനങ്ങളും ഇടപെടലുകളും അറിഞ്ഞില്ല എന്ന വിധത്തിലാണ് റവന്യൂ-പോലീസ്-പഞ്ചായത്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും പെരുമാറിയിരുന്നത്. ബന്ധപ്പെട്ട എല്ലാവരുടെയും അറിവും സമ്മതവും പിന്തുണയും ലഭിച്ചാണ് ചൊക്രമുടിയിൽ ഇതെല്ലാം നടന്നത്. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്നവരുടെ രാഷ്ട്രീയ പിന്തുണയും ഉണ്ടായിരുന്നു എന്ന് പരസ്യമായിക്കഴിഞ്ഞു.

Share
അഭിപ്രായം എഴുതാം