റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് നാലു വര്‍ഷം തടവുശിക്ഷ

March 9, 2026 - 1:28 am

കൊച്ചി | യുകെയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് നാലു വര്‍ഷം തടവുശിക്ഷ. രണ്ട് കേസുകളിലുമായി നാല് വര്‍ഷം തടവ് കൂടാതെ 66.5 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കൊച്ചിയിലെ പ്രത്യേക പി എം എല്‍ എ കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരുടെ പരാതിയിലെടുത്ത കേസുകളിലാണ് ജോബി ജോര്‍ജിനെതിരെ നടപടി.

രാജേഷ് മാത്യുവില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2011ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യുവിന് യുകെയില്‍ ജോബ് വിസ ലഭ്യമാക്കുകയും ബിസിനസ് ആരംഭിക്കാന്‍ സഹായിക്കുമെന്നും പറഞ്ഞ് ജോബി ജോര്‍ജ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി രാജേഷ് മാത്യുവില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങുകയായിരുന്നു.വിസ ലഭ്യമാക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് രാജേഷ് മാത്യു പോലീസില്‍ പരാതി നല്‍കി

പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി

2012 ഓഗസ്റ്റില്‍ മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു. യുകെയില്‍ ബിസിനസ് പങ്കാളിത്തവും സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്താണ് മുളന്തുരുത്തി സ്വദേശികളായ ബിജു വര്‍ഗീസ്, ഭാര്യ ഡാര്‍ലി ബിജു എന്നിവരില്‍ ജോബി പണം വാങ്ങിയത്. യുകെയിലെത്തിയ ദമ്പതികള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ഇതോടെ പണം തിരികെ ചോദിച്ചപ്പോള്‍ ജോബി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാര്‍ മൊഴി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *