.
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ഗ്രാന്റുകൾ ഉപേക്ഷിച്ചതും വെട്ടിക്കുറച്ചതും പുനഃസംഘടിപ്പിച്ചതും സംസ്ഥാന ബജറ്റിനെ താളം തെറ്റിക്കുമെന്ന് ആശങ്ക. റവന്യുകമ്മി നികത്താനുള്ള ധനസഹായം (റവന്യു ഡെഫിസിറ്റ് ഗ്രാന്റ്), ആരോഗ്യ ഗ്രാന്റ് ഉൾപ്പെടെ കേരളം പ്രതീക്ഷിച്ച വരുമാന മാർഗങ്ങൾ കേന്ദ്ര ബജറ്റിൽ ഉപേക്ഷിച്ചു. തദ്ദേശ സ്ഥാപന ഗ്രാന്റ് പുനഃസംഘടിപ്പിച്ചു. ഇതുവഴി സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 25,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് ധനവകുപ്പ് വിലയിരുത്തൽ.
കേരളത്തിനുള്ള ധനസഹായം 2.36 ശതമാനമായി ഉയർത്തിയതു മാത്രമാണ് അനുകൂലമായ ഘടകം
ധനകമ്മീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിൽ കേരളത്തിനുള്ള ധനസഹായം 1.90 ശതമാനത്തിൽനിന്ന് 2.36 ശതമാനമായി ഉയർത്തിയതു മാത്രമാണ് സംസ്ഥാനത്തിനു കൂടുതൽ തുക ലഭിക്കാനുള്ള ഘടകകമായി ചൂണ്ടിക്കാട്ടുന്നത്. ഇതുവഴി 8,000- 9,000 കോടി രൂപ വരെ കേരളത്തിന് അധികമായി ലഭിക്കുമെന്നാണു കരുതപ്പെടുന്നത്. ഡോ. അരവിന്ദ് പനാഗിരിയയുടെ നേതൃത്വത്തിലുള്ള ധനകമ്മീഷൻ കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചപ്പോൽ 2.79 ശതമാനം തുക സംസ്ഥാനത്തിന് അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ 2.36 ശതമാനം നൽകാമെന്നാണ് ബജറ്റ് പ്രഖ്യാപനം. കഴിഞ്ഞ തവണ 34,000 കോടി രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 43,000 കോടി രൂപയെങ്കിലും കേരളത്തിനു ലഭിക്കുമെന്നാണ് ധനവകുപ്പ് കരുതുന്നത്.
റവന്യു കമ്മി നികത്താനുള്ള ധനസഹായം നിർത്തലാക്കിയതു വഴി 15,000 കോടി രൂപയുടെ വരുമാന നഷ്ടം
എന്നാൽ, റവന്യു കമ്മി നികത്താനുള്ള ധനസഹായം നിർത്തലാക്കിയതു വഴി 15,000 കോടി രൂപയുടെ വരുമാന നഷ്ടം പ്രതീക്ഷിക്കുന്നു. ബജറ്റിൽ 14,137 കോടി രൂപയായിരുന്നു ഇതുവഴി ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നത്. കൂടാതെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് അടക്കമുള്ളവയും പുനഃക്രമീകരിച്ചിരുന്നു. ഗ്രാമങ്ങളുടെ വികസനത്തിനുള്ള ധനസഹായം വെട്ടിക്കുറച്ചും നഗരങ്ങളുടെത് ഉയർത്തിയുമാണ് തദ്ദേശ ഗ്രാന്റ് പുനഃക്രമീകരിച്ചത്. ഇതുവഴി വരുമാന നഷ്ടമുണ്ടാകുമെന്നാണ് സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ, നഗര കേന്ദ്രീകൃതമായ കൂടുതൽ ഗ്രാമങ്ങൾ കേരളത്തിലുള്ളതു വഴി ധനസഹായം വർധിക്കാനാണ് സാധ്യതയെന്നും മറുവാദമുണ്ട്.
ഉപേക്ഷിച്ചവയുടെ പട്ടികയിൽ ആരോഗ്യ ഗ്രാന്റും
ആരോഗ്യ ഗ്രാന്റും ഉപേക്ഷിച്ചവയുടെ പട്ടികയിലുണ്ട്. കഴിഞ്ഞ ഏതാനും മാസം മുൻപു പ്രഖ്യാപിച്ച ചരക്കു സേവന നികുതി പരിഷ്കാരത്തിൽ ബജറ്റിൽ ഭേദഗതി വരുത്താത്ത സാഹചര്യത്തിൽ ഇതുവഴിയും സംസ്ഥാനത്തിന് പ്രതിവർഷം 3,000- 4,000 കോടി രൂപയുടെ വരുമാന നഷ്ടം കണക്കാക്കുന്നു.
.


