മനസ്സിന്റെ വേദന മനസ്സിലാക്കാനും മനുഷ്യരെ ചേർത്തുപിടിക്കാനും ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് കുറിപ്പ് വൈറൽ
- ആത്മഹത്യ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നതിന് പകരം, അവരുടെ മനസ്സിലെ വേദന മനസ്സിലാക്കാൻ സമൂഹം ശ്രമിക്കണം
- ചേർത്തുപിടിക്കാനുള്ളൊരു മനസ്സ് സജ്ജമാക്കിയെടുക്കാനുള്ള സാമൂഹ്യപ്രതിബദ്ധത നമുക്കോരോരുത്തർക്കുമുണ്ട്
- മനസ്സ് എന്ന് പറയുന്നത് ഏറ്റവും നിഗൂഢമായ ഒന്നാണ്. സുരഭില സുന്ദര കാല്പനികഭാവങ്ങളിൽ മുഴുകാനും , വിഹ്വല ചിന്തകളെ പെറ്റു പോറ്റാനും അതിന് അസാധാരണ വൈഭവമാണുള്ളത്.
- ഒറ്റപ്പെട്ടുപോയി എന്ന് തോന്നിത്തുടങ്ങിയാൽ പിന്നെ മനസ്സ് വ്യാപരിക്കുന്നത് ഏതെല്ലാം തലങ്ങളിലൂടെയാണെന്ന് ഊഹിക്കാൻ പോലും നമുക്ക് പറ്റില്ല.
- “ജീവിതം ജീവിച്ചു തീർക്കേണ്ടത് നമ്മൾ തന്നെയാണ്. അതിനാൽ സ്വയം സ്നേഹിക്കൂ, മറ്റുള്ളവരെ ചേർത്തുപിടിക്കൂ, പ്രതീക്ഷ കൈവിടരുത്”
ആത്മഹത്യാ വാർത്തകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യസ്നേഹവും കരുതലും നിറഞ്ഞ ഒരു ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. പ്രകൃത്യോപാസകനായിരുന്ന മഹാകവി പി.യുടെ കൊച്ചുമകൾ ജയശ്രീ വടയക്കളം എഴുതിയ കുറിപ്പാണ് നിരവധി പേരുടെ മനസ്സിൽ ഇടം നേടുന്നത്.
ആത്മഹത്യ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നതിന് പകരം, അവരുടെ മനസ്സിലെ വേദന മനസ്സിലാക്കാൻ സമൂഹം ശ്രമിക്കണമെന്നാണ് കുറിപ്പിന്റെ പ്രധാന സന്ദേശം. “ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾക്കൊക്കെ ആത്മഹത്യ ചെയ്യണോ?” എന്ന രീതിയിലുള്ള പ്രതികരണങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് കുറിപ്പ് മുന്നോട്ട് പോകുന്നത്.
കുട്ടിക്കാലത്ത് സങ്കടങ്ങൾ വന്നാൽ മാവിൻചുവട്ടിലോ കുളക്കരയിലോ ഒറ്റയ്ക്കിരുന്ന അനുഭവങ്ങളും അമ്മമ്മ നൽകിയ ജീവിതപാഠങ്ങളും എഴുത്തുകാരി ഓർക്കുന്നു. പ്രകൃതിയോട് ചേർന്ന് കുറച്ചുനേരം മൗനമായി ഇരിക്കുന്നത് പോലും മനസ്സിലെ അസ്വസ്ഥതകൾ കുറയ്ക്കുമെന്ന അനുഭവമാണ് അവർ പങ്കുവയ്ക്കുന്നത്.
ഒറ്റപ്പെടൽ മനുഷ്യനെ ഉള്ളിൽ നിന്ന് തകർക്കുമെന്നും, അത്തരമൊരു സമയത്ത് “സാരമില്ല, എല്ലാം ശരിയാകും” എന്ന് ഒരാൾ സ്നേഹത്തോടെ ചേർത്തുപിടിച്ചാൽ അത് ഒരു ജീവൻ രക്ഷിക്കുന്നതുപോലെയാകാമെന്നും കുറിപ്പ് പറയുന്നു. ജീവിതം വെറുത്തുപോയി എന്ന് പറയുന്നവർക്കുപോലും ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷയുടെ കനൽ ബാക്കിയുണ്ടാകുമെന്നും അത് അണയാതെ സൂക്ഷിക്കാൻ സമൂഹം കൈത്താങ്ങാകണമെന്നും എഴുത്തുകാരി ഓർമിപ്പിക്കുന്നു.
“നേടുന്നതിലല്ല, കൊടുക്കുന്നതിലാണ് യഥാർത്ഥ സന്തോഷം” എന്ന അമ്മമ്മയുടെ വാക്കുകളും കുറിപ്പിൽ ശ്രദ്ധേയമാണ്. മറ്റുള്ളവർക്കായി ഒന്ന് മാറിനിൽക്കുമ്പോൾ നമുക്ക് അവരുടെ മനസ്സിൽ സ്ഥാനം ലഭിക്കുമെന്ന ലളിതമായ മനുഷ്യപാഠവും കുറിപ്പ് പങ്കുവയ്ക്കുന്നു.
ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുക, പുസ്തകങ്ങൾ വായിക്കുക, സുഹൃത്തുക്കളോട് സംസാരിക്കുക, പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുക, അല്ലെങ്കിൽ ഒന്നും ചെയ്യാതെ “വെറുതെ ഇരിക്കുക” പോലും മനസ്സിന് വലിയ ആശ്വാസമാകാമെന്ന് കുറിപ്പിൽ പറയുന്നു.
“ജീവിതം ജീവിച്ചു തീർക്കേണ്ടത് നമ്മൾ തന്നെയാണ്. അതിനാൽ സ്വയം സ്നേഹിക്കൂ, മറ്റുള്ളവരെ ചേർത്തുപിടിക്കൂ, പ്രതീക്ഷ കൈവിടരുത്” എന്ന സന്ദേശത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റിൻ്റെ പൂർണ്ണരൂപം ചുവടെ: പ്രിയപ്പെട്ടവർക്കായി ഒരു കുറിപ്പ് ഓരോ ആത്മഹത്യാ വാർത്തകൾ കേൾക്കുമ്പോഴും മനസ്സ് പിടയുകയാണ് എൻ്റെ കുട്ടിക്കാലത്ത് മനസ്സിൽ എന്തെങ്കിലും സങ്കടം തോന്നിയാൽ , ആരെങ്കിലും വഴക്ക് പറഞ്ഞാൽ ഒക്കെ വീട്ടുമുറ്റത്തെ മാവിൻ ചോട്ടിലെ ഊഞ്ഞാലിൽ , തൊട്ടടുത്തുള്ള കുളത്തിൻ്റെ കല്പടവുകളിൽ , അതുമല്ലെങ്കിൽ സ്കൂൾ മൈതാനത്തിൻ്റെ ഏതെങ്കിലുമൊരു മൂലയിൽ, ഒക്കെ ഏറെ നേരം ചെന്നിരിക്കാറുണ്ടായിരുന്നു . മാഞ്ചോട്ടിലും കുളക്കടവിലും അമ്മമ്മയും ഒപ്പം വന്നിരിക്കും. കുളത്തിനോട് ചേർന്ന് കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടത്ത്, മേയുന്ന പശുക്കളെയും, വരമ്പിലൂടെ നടന്നു നീങ്ങുന്ന മനുഷ്യരെയും ഒക്കെ നോക്കിക്കൊണ്ട് , ഒന്നും മിണ്ടാതെ വെറുതെ …വെറുതെയങ്ങനെ ഇരിക്കലാണ് . അവിടെ നിന്ന് എണീക്കുമ്പോഴേക്ക് മനസ്സിലെ സങ്കടവും അസ്വസ്ഥതകളും ഒക്കെ ഏതാണ്ട് പോയ മട്ടാവും. ഇത് അമ്മമ്മ തന്നെ പറഞ്ഞു തന്ന സൂത്രാ ട്ടോ. ആത്മഹത്യയെ കുറിച്ചുള്ള വാർത്തകൾക്കും ഫേസ്ബുക്ക് പോസ്റ്റുകൾക്കും കീഴെയുള്ള കമൻ്റ്സിൽ ചിലവ വായിച്ചു കഴിയുമ്പോൾ എന്തെന്നില്ലാത്ത വിഷമം തോന്നാറുണ്ട്. അയ്യോ.. ഇങ്ങനെയുള്ള നിസ്സാരകാര്യങ്ങൾക്കൊക്കെ ആത്മഹത്യ ചെയ്യണോ? ; ഇത്രയും വിദ്യാസമ്പന്നരായ , നല്ലൊരു പോസ്റ്റിലിരിക്കുന്ന , ഇവരെന്തിനാ – ഇത് ചെയ്തത് ?; പ്രിയപ്പെട്ടവരെ കുറിച്ച് ഒന്നോർത്തിരുന്നെങ്കിൽ ഇത് ചെയ്യുമായിരുന്നോ ?. ; ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ലേ ആത്മഹത്യ?; ഭീരുക്കളല്ലേ ഒളിച്ചോടുന്നത് ….! ഇങ്ങനെ നിരവധി ചോദ്യങ്ങൾ ,കുറ്റപ്പെടുത്തലുകൾ. ! ഈ മനസ്സ് എന്ന് പറയുന്നത് ഏറ്റവും നിഗൂഢമായ ഒന്നാണ്. സുരഭില സുന്ദര കാല്പനികഭാവങ്ങളിൽ മുഴുകാനും , വിഹ്വല ചിന്തകളെ പെറ്റു പോറ്റാനും അതിന് അസാധാരണ വൈഭവമാണുള്ളത്. പ്രതീക്ഷിക്കാതുള്ള ചില സംഭവങ്ങൾ , പ്രിയപ്പെട്ടവരുടെ വേർപാട് , ജോലിസ്ഥലത്തു നിന്നും യാത്രയ്ക്കിടയിലും ഒക്കെ ഏല്ക്കേണ്ടി വരുന്ന ചില കയ്പേറിയ അനുഭവങ്ങൾ ,അപവാദങ്ങൾ, താനങ്ങേയറ്റം സ്നേഹിക്കുന്നവരിൽ നിന്നുള്ള അവഗണന – എന്നു വേണ്ട – നമുക്ക് നിസ്സാരം എന്ന് തോന്നിയേക്കാവുന്ന ഏതൊരു ദുരനുഭവവും ചിലരുടെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയേക്കാം, തളർത്തിയേക്കാം.. വടക്കുന്നാഥൻ സിനിമയിലെ മോഹൻലാലിൻ്റെ കഥാപാത്രം (ഭരതപ്പിഷാരടി ) പറഞ്ഞതുപോലെ-വഴുക്കലുള്ള വരമ്പത്ത് കൂടിയുള്ള നടത്തം തന്നെയാണത്. എത്ര ശ്രദ്ധിച്ചാലും ചിലപ്പൊ പിടി വിട്ടുപോകും. ഒറ്റപ്പെട്ടുപോയി എന്ന് തോന്നിത്തുടങ്ങിയാൽ പിന്നെ മനസ്സ് വ്യാപരിക്കുന്നത് ഏതെല്ലാം തലങ്ങളിലൂടെയാണെന്ന് ഊഹിക്കാൻ പോലും നമുക്ക് പറ്റില്ല. മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചാലും അതിന് സാധിക്കണമെന്നുമില്ല. അതേ സമയം ആരെങ്കിലും വന്ന് സാരല്യ – പോട്ടെ ; ഒക്കെ ശരിയാവും എന്ന് സ്നേഹത്തോടൊന്ന് ചേർത്തുപിടിക്കുകയാണെങ്കിലോ…..! തമോഗർത്തത്തിൽ വീണാലെന്നപോലെ , ശ്വാസം മുട്ടിപ്പിടയുന്ന ആ മനസ്സിൻ്റെ പാച്ചിൽ ഒന്ന് സാവധാനത്തിലാകും. തിരിച്ചു ചിന്തിക്കാൻ മനസ്സ് സന്നദ്ധമാകും. ഒരു കാര്യം നാമോർക്കണം. ജീവിതം വെറുത്തു പോയി എന്ന് പറയുന്നവർ പോലും ഒരിക്കലും മരണമാഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. നാളെയൊരു നല്ലകാലം വരും , എല്ലാം ശരിയാകും എന്ന ശുഭപ്രതീക്ഷ ,ഒരു കൊച്ചു കനലായി , നൊമ്പരങ്ങൾക്കിടയിലും ഓരോരുത്തരുടെയും ഉള്ളിലൊളിച്ചിരിപ്പുണ്ട്. അതിനെ ഒന്നൂതിക്കത്തിക്കാൻ ശ്രമിച്ചാൽ മാത്രം മതി – ചാരം മൂടിക്കിടക്കുന്ന പ്രത്യാശയുടെ കനൽ പ്രഭയോടെ ജ്വലിക്കാൻ തുടങ്ങും . ചേർത്തുപിടിക്കാനുള്ളൊരു മനസ്സ് സജ്ജമാക്കിയെടുക്കാനുള്ള സാമൂഹ്യപ്രതിബദ്ധത നമുക്കോരോരുത്തർക്കുമുണ്ട്. നാം ജീവിക്കുന്ന ഈ ഭൂമിയോട് , മനുഷ്യനടക്കമുള്ള സഹജീവികളോട്, ആവാസവ്യവസ്ഥയോട്-അങ്ങേയറ്റത്തെ പ്രതിബദ്ധത പുലർത്തേണ്ടതുണ്ട് – മനുഷ്യൻ എന്ന പദത്തെ അന്വർത്ഥമാക്കേണ്ടതുണ്ട്. അത് നാം മറക്കരുത് . ഒന്നും നമ്മുടെ സ്വന്തമല്ല. “ബേപ്പൂർ സുൽത്താൻ”റെ ഭാഷയിൽ പറഞ്ഞാൽ ഈ ഭൂമി മലയാളം സകല ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. കുട്ടിക്കാലത്ത് ഗുരുവായൂർക്കും പഴനിമലയ്ക്കും ഒക്കെയുള്ള ട്രെയിൻ യാത്രകളിൽ , സ്റ്റേഷനിൽ നിന്നും യാത്രക്കാർ കയറുമ്പോൾ ഒതുങ്ങിയിരുന്ന് സ്ഥലമൊരുക്കിക്കൊടുക്കാൻ അമ്മമ്മ പറയാറുണ്ട് ;കുഞ്ഞുങ്ങളെ ഒക്കത്തിരുത്തിയ സ്ത്രീകളോ , പ്രായം ചെന്നവരോ കയറുകയാണെങ്കിൽ സീററ് തന്നെ ഒഴിഞ്ഞു കൊടുക്കാനും. അമ്മമ്മ പറയുന്നത് അക്ഷരം പ്രതി ഞാനനുസരിക്കും. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ അതിനൊരു വിശദീകരണവും ണ്ടാവും. “അമ്മൂന് വെഷമായോ എണീറ്റ് സീറ്റ് കൊടുക്കാൻ പറഞ്ഞതിന് ?! അത് വേണ്ടാ ട്വോ. അർഹതപ്പെട്ടവർക്കാണ് നമ്മൾ സീറ്റൊഴിഞ്ഞു കൊടുത്തത്. അതോണ്ടെന്താ ണ്ടാവ്വാറ്യോ! അവര്ടെ മനസ്സിലാ അമ്മൂന് സ്ഥാനം കിട്ടിയേക്കണത് ” സീറ്റൊഴിഞ്ഞു കൊടുക്കുമ്പോഴൊന്നും എനിക്ക് വിഷമം തോന്നിയിരുന്നില്ലെങ്കിൽ പോലും, നേടുന്നതിലല്ല- കൊടുക്കുന്നതിലാണ് സന്തോഷവും സംതൃപ്തിയുമിരിക്കുന്നത് എന്ന വലിയൊരു പാഠം ഞാനതിൽ നിന്നും ഉൾക്കൊണ്ടു. ഇവിടത്തെ വാസം വെടിഞ്ഞ് മടങ്ങുമ്പോൾ ഈ ഭൂഗോള മുറിയുടെ താക്കോൽ തിരിച്ചേല്പിക്കാനുള്ളതാണ് . നമുക്കനുവദിച്ചു കിട്ടുന്ന സമയമത്രയും സന്തോഷമായി ജീവിക്കുക – അതേ സമയം മറ്റുള്ളവരെ സമാധാനമായി ജീവിക്കാനനുവദിക്കുക കൂടി ചെയ്യുക.. അതോടൊപ്പം , തളർന്നു പോയേക്കാവുന്ന അവസരങ്ങളിൽ , മനസ്സിനെ തളരാനനുവദിക്കാതെ , തളർന്നാലും, ഉയിർത്തെഴുന്നേൽക്കാൻ – സ്വയം ശക്തിയാർജിച്ച് തയാറെടുക്കുകയും ചെയ്യാം. മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഒരു പക്ഷേ കുറച്ചു കൂടുതൽ സമയമെടുത്തേക്കാം. ‘ .ചെറിയ ചെറിയ വിഷമങ്ങളെ കൂട്ടിവെക്കാതെ അപ്പപ്പോൾ തന്നെ ഒഴിവാക്കുക.. അതോടൊപ്പം തന്നെ നമ്മുടെ വാക്കും പ്രവൃത്തിയും മറ്റൊരാൾക്ക് വേദനയോ വിഷമമോ ഉണ്ടാക്കുന്ന വിധത്തിലാവാണ്ടിരിക്കാൻ സദാ ജാഗരൂകരായിരിക്കുക . നമ്മുടെ ജീവിതം ജീവിച്ചു തീർക്കേണ്ടത് നമ്മൾ തന്നെയാണ് . മറ്റൊരാളല്ല . എങ്ങിനെ ജീവിക്കണമെന്ന് നാം തന്നെ തീരുമാനിക്കുക . ഇഷ്ടഗാനങ്ങൾ കേൾക്കാം, പുസ്തകങ്ങൾ വായിക്കാം, നല്ല കോമഡികൾ കാണാം.ഇല്ലെങ്കിൽ പ്രിയപ്പെട്ട ആരോടെങ്കിലും -സുഹൃത്തുക്കളോ ആരുമാവട്ടെ – സംസാരിക്കാം , പുഴയ്ക്കരികിലോ , പുൽത്തകിടിയിലോ, ചെന്നിരിക്കാം. ഇതൊന്നുമില്ലെങ്കിൽ ഏതെങ്കിലും മരച്ചുവട്ടിൽ വെറുതെ ഇരിക്കാം – വെറുതെ എന്ന് വെച്ചാ വെറുതെ…. (ഈ വെറുതെ ഇരിക്കലിന് ഏറെ പ്രസക്തിയുണ്ട്.) അതുമല്ലെങ്കിൽ ഇറങ്ങിനടക്കാം . വഴിയോരക്കാഴ്ചകൾ കണ്ട് , അവയോട് മൗനപൂർവം സംവദിച്ച്… വഴിയിൽ കാണുന്നവരോട് കുശലം പറഞ്ഞ് ….അങ്ങനെയങ്ങനെ……. മനസ്സ് എന്തു മാത്രം സ്വാസ്ഥ്യം അനുഭവിക്കുന്നു വെന്ന് നമുക്കറിയാൻ കഴിയും.



