നീണ്ടൂർ | മേയ് 29
നീണ്ടൂരിൽ കിണറ്റിൽ വീണ് യുവാവ് മരിച്ചു. നീണ്ടൂർ കല്ലുങ്കൽ പറമ്പിൽ സനീഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
കിണറിന്റെ ആൾമറക്കെട്ടിൽ കിടന്നുറങ്ങുന്നതിനിടെയാണ് സനീഷ് കിണറ്റിലേക്ക് വീണതെന്നാണ് നാട്ടുകാർ പറയുന്നത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ വിവരം അറിയിച്ചതോടെ അയൽവാസികളും സുഹൃത്തുക്കളും ചേർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
തിരച്ചിലിനിടെ സമീപത്തെ കിണറിന് സമീപം സനീഷിന്റെ ചെരുപ്പ് കണ്ടെത്തി. ഇതോടെ സംശയം ശക്തമായതിനെ തുടർന്ന് കോട്ടയത്തുനിന്ന് ഫയർഫോഴ്സ് സംഘം എത്തി കിണറ്റിൽ പരിശോധന നടത്തി. പിന്നാലെ കിണറ്റിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്.
സനീഷ് കിണറിന്റെ ആൾമറക്കെട്ടിൽ കിടന്ന് ഉറങ്ങുന്നത് പതിവായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. അപകടത്തിൽ ദുരൂഹതയില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.