റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒഡീഷയിൽ ദമ്പതിമാരെ നുകത്തിൽക്കെട്ടി നിലം ഉഴുതു : ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിനുളള ശിക്ഷ നടപ്പാക്കി ഗ്രാമവാസികൾ

July 12, 2025 - 6:40 am

ഭുവനേശ്വർ: ഒഡീഷയിൽ ആചാരങ്ങൾക്ക് വിരുദ്ധമായി വിവാഹം കഴിച്ച ദമ്പതിമാർക്ക് ശിക്ഷ നൽകി ​ഗ്രാമവാസികൾ. കാളകൾക്ക് പകരം നുകത്തിൽകെട്ടി നിലം ഉഴുതുമറിച്ചാണ് ദമ്പതിമാരെ ​ഗ്രാമവാസികൾ ശിക്ഷിച്ചത്. റായ​ഗഡ ജില്ലയിലെ കാഞ്ചമജ്ഹിര ​​ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേസെടുക്കാനൊരുങ്ങുകയാണ് പോലീസ്.അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സംഘത്തെ ഗ്രാമത്തിലേക്ക് അയച്ചതായും ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചു

ദമ്പതികൾ കാഞ്ചമജ്ഹിര സ്വദേശികളാണ്.

ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ദമ്പതിമാർ കാഞ്ചമജ്ഹിര സ്വദേശികളാണ്. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തത്. സ്ത്രീയുടെ പിതൃസഹോദരിയുടെ മകനുമായുള്ള വിവാഹത്തിൽ ​ഗ്രാമവാസികളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രാദേശിക ആചാരങ്ങൾപ്രകാരം അത്തരം വിവാഹം നിഷിദ്ധമായാണ് കണക്കാക്കപ്പെടുന്നത്.

നിലം ഉഴുതുമറിച്ചതിനുശേഷം ദമ്പതിമാരെ ക്ഷേത്രത്തിലെത്തിച്ച് പരിഹാര പൂജകൾ നടത്തി

.വിവാഹത്തിന് ശിക്ഷയെന്നോണം മരത്തടിയാൽ നിർമിച്ച നുകത്തിൽ ആദ്യം ദമ്പതിമാരെ കെട്ടിയിട്ടു. നിലം ഉഴുതുമറിക്കുന്നതിനിടെ ദമ്പതിമാരെ രണ്ടുപേർ ചേർന്ന് വടി കൊണ്ട് അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ​ഗ്രാമവാസികളിൽ ഭൂരിഭാ​ഗവും ഇത് കണ്ടുനിന്നെങ്കിലും ആരും തടഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. നിലം ഉഴുതുമറിച്ചതിനുശേഷം ദമ്പതിമാരെ ക്ഷേത്രത്തിലെത്തിച്ച് ചെയ്ത പാപത്തിന് പരിഹാരമായുളള പൂജകളും ​ഗ്രാമവാസികൾ നടത്തിയതായും റിപ്പോർട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *