കോഴിക്കോട് | മേയ് 29
കോഴിക്കോട് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്ന പ്രതിയെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂവാട്ടുപറമ്പ് മുണ്ടക്കൽ സ്വദേശിയായ ആലോറമീത്തൽ നടുക്കണ്ടി പുറായിൽ റിയാസിനെയാണ് പിടികൂടിയത്.
മാവൂർ, കുന്ദമംഗലം, പന്തീരാങ്കാവ്, എലത്തൂർ, ചേവായൂർ തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി ക്ഷേത്രങ്ങളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. രാത്രികാലങ്ങളിൽ ബൈക്കിലെത്തി റോഡരികിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മോഷണ പരമ്പര.
തിരിച്ചറിയാതിരിക്കാൻ റെയിൻകോട്ടും ഹെൽമറ്റും ധരിച്ചാണ് പ്രതി ക്ഷേത്രങ്ങളിൽ എത്തിയിരുന്നത്. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന ക്ഷേത്രത്തിന് കുറച്ച് അകലെയായി ബൈക്ക് പാർക്ക് ചെയ്തശേഷം നടന്നെത്തി ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് പണം കവരുകയായിരുന്നു രീതി.
ഈ മാസം 26-ന് രാത്രി മാവൂർ ചെറൂപ്പയിലെ ഇടിക്കോട്ട് അയ്യപ്പൻകാവിൽ നടന്ന മോഷണമാണ് കേസിൽ നിർണായകമായത്. ക്ഷേത്രമുറ്റത്തെ രണ്ട് ഭണ്ഡാരങ്ങൾ തകർത്തിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് റോഡരികിലെ ഭണ്ഡാരം തകർത്ത് അയ്യായിരത്തോളം രൂപയുമായി ഇയാൾ കടന്നുകളഞ്ഞു.
ക്ഷേത്രക്കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ വിവരശേഖരണവും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സമാന രീതിയിലുള്ള മറ്റ് മോഷണങ്ങളിലും ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.