യമുന നദി കരകവിഞ്ഞൊഴുകി: രാജ്യതലസ്ഥാനത്ത് പ്രളയം

ന്യൂഡല്‍ഹി: യമുന നദി കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പ്രളയം. വീടുകളിലും മറ്റ് കെട്ടിടങ്ങളിലും വെള്ളം കയറി. ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഞായര്‍ വരെ അവധി പ്രഖ്യാപിച്ചു. അടിയന്തര സേവന വിഭാഗത്തില്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വര്‍ക് ഫ്രം ഹോം പാലിക്കാന്‍ സ്വകാര്യ ഓഫീസുകളോടും നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയുടെ 350 മീറ്റര്‍ അകലെ വരെ വെള്ളം കയറിയിട്ടുണ്ട്. ഔട്ടര്‍ റിംഗ് റോഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. 14/07/23 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് യമുന നദിയിലെ ജലനിരപ്പ് 208.62 മീറ്റര്‍ ആണ്. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് യമുന നദിയിലേക്ക് ഇപ്പോഴും വെള്ളം ഒഴുക്കി വിടുന്നുണ്ട്. അപകടനിലക്കും മൂന്ന് മീറ്റര്‍ മുകളിലാണ് ഈ ജലനിരപ്പ്. വെള്ളം ഒഴുക്കി വിടുന്നത് നിര്‍ത്താന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി മെട്രോയിലെ ബ്ലൂ ലൈനിലെ യമുന ബേങ്ക് മെട്രോ സ്റ്റേഷന്‍ അടച്ചു.

Share
അഭിപ്രായം എഴുതാം