ആരാണ് ജോ ബൈഡന്റെ ആഭ്യന്തര ഉപദേഷ്ടാവായ ഇന്ത്യക്കാരി നീര ടന്‍ഡന്‍

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അസിസ്റ്റന്റായും ആഭ്യന്തര നയ ഉപദേഷ്ടാവായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ നീര ടന്‍ഡന്‍. നിലവില്‍ പ്രസിഡന്റ് ബൈഡന്റെ സീനിയര്‍ അഡൈ്വസറായും സ്റ്റാഫ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്ന നീര ടന്‍ഡനെ മുന്‍ അംബാസഡര്‍ സൂസന്‍ റൈസിന്റെ ഒഴിവിലേക്കാണ് നിയമിക്കുന്നത്. ഇതോടെ മൂന്ന് പ്രധാന വൈറ്റ് ഹൗസ് പോളിസി കൗണ്‍സിലുകളില്‍ ഒന്നിനെ നയിക്കുന്ന ആദ്യ ഏഷ്യന്‍-അമേരിക്കന്‍ വംശജയായിരിക്കുകയാണ് നീര ടന്‍ഡന്‍.

സാമ്പത്തിക കാര്യങ്ങളും വംശീയ സമത്വവും മുതല്‍ ആരോഗ്യ സംരക്ഷണം, കുടിയേറ്റം, വിദ്യാഭ്യാസം വരെയുള്ള തന്റെ ആഭ്യന്തര നയത്തിന്റെ രൂപീകരണവും നടപ്പാക്കലും നീര ടന്‍ഡന്‍ ഏറ്റെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ഓഫിസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റിന്റെ ചുമതലയുണ്ടായിരുന്ന നീരയെ നേരത്തെ ബൈഡന്‍ നാമനിര്‍ദേശം ചെയ്തിരുന്നുവെങ്കിലും ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അവരുടെ നാമനിര്‍ദേശം പിന്‍വലിക്കപ്പെട്ടു.

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് ആരോഗ്യ, സേവന വകുപ്പില്‍ ആരോഗ്യ പരിഷ്‌കരണ വിഭാഗം മുതിര്‍ന്ന ഉപദേഷ്ടാവ് ആയിരുന്നു നീര ടന്‍ഡന്‍. കൂടാതെ ഹിലരി ക്ലിന്റണ്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പോളിസി ഡയറക്ടറായും സേവനമനുഷ്ഠിച്ചു. സെന്റര്‍ ഓഫ് അമേരിക്കന്‍ പ്രോഗ്രസ്, സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് ആക്ഷന്‍ ഫണ്ട് എന്നിവയുടെ പ്രസിഡന്റും സിഇഒയും ആയിരുന്നു നീര ടന്‍ഡന്‍.

‘സീനിയര്‍ അഡൈ്വസര്‍, സ്റ്റാഫ് സെക്രട്ടറി എന്നീ നിലകളില്‍ ആഭ്യന്തര, സാമ്പത്തിക, ദേശീയ സുരക്ഷ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് നീര മേല്‍നോട്ടം വഹിച്ചു. അവര്‍ക്ക് പൊതു നയത്തില്‍ 25 വര്‍ഷത്തെ പരിചയമുണ്ട്. മൂന്ന് പ്രസിഡന്റുമാരെ സേവിച്ചിട്ടുണ്ട്. കൂടാതെ ഒരു ദശാബ്ദത്തോളം രാജ്യത്തെ ഏറ്റവും വലിയ തിങ്ക് ടാങ്കുകളില്‍ (രാഷ്ട്രീയമോ സാമ്പത്തികമോ ആയ പ്രത്യേക പ്രശ്നങ്ങളില്‍ ഉപദേശങ്ങളും ആശയങ്ങളും നല്‍കുന്ന വിദഗ്ധരുടെ ഒരു സംഘം) ഒന്നിനെ നയിച്ചിട്ടുണ്ട്’ -ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഊര്‍ജ സബ്സിഡി, തോക്ക് പരിഷ്‌കരണം ഉള്‍പ്പെടെ ബൈഡന്റെ സുപ്രധാന നയങ്ങളില്‍ നീരയുടെ പങ്ക് വളരെ വലുതാണ്. ന്യൂയോര്‍ക്ക് സിറ്റി സ്‌കൂളുകളിലെ ചാന്‍സലറുടെ സീനിയര്‍ അഡൈ്വസറായും ക്ലിന്റണ്‍ ഭരണത്തില്‍ ഡൊമസ്റ്റിക് പോളിസി അസോസിയേറ്റ് ഡയറക്ടറായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ ജേണല്‍ പുറത്തു വിട്ട വാഷിങ്ടണിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിലും നീര ടന്‍ഡന്‍ ഇടം പിടിച്ചിരുന്നു.

കൂടാതെ 2011-ല്‍ ഇന്ത്യ എബ്രോഡ് പബ്ലിഷേര്‍സ് അവാര്‍ഡിനും അര്‍ഹയായി. ഫോര്‍ച്യൂണ്‍ മാസികയുടെ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിലും നീര സ്ഥാനം പിടിച്ചിട്ടുണ്ട്. യുസിഎല്‍എയില്‍ നിന്ന് സയന്‍സ് ബിരുദവും യേല്‍ ലോ സ്‌കൂളില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ വ്യക്തിയാണ് നീര ടന്‍ഡന്‍.

Share
അഭിപ്രായം എഴുതാം