സുഡാനില്‍ ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു

ഖര്‍ത്വൂം: സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും (ആര്‍ എസ് എഫ്) തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം മാനവിക ആവശ്യങ്ങള്‍ക്ക് ഒരു മണിക്കൂറോളം വെടിനിര്‍ത്തലുണ്ടായിരുന്നു. അയല്‍ രാജ്യങ്ങളായ ഈജിപ്തും ഛാഡും അതിര്‍ത്തി അടച്ചു. ഇന്റര്‍ഗവണ്‍മെന്റല്‍ അതോറിറ്റി ഓണ്‍ ഡെവലപ്മെന്റ് (ഇഗാഡ്) അടിയന്തര യോഗം ചേര്‍ന്ന് സുഡാനിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. അനുരഞ്ജന ചര്‍ച്ചകള്‍ക്കായി കെനിയ, ദക്ഷിണ സുഡാന്‍, ജിബൂട്ടി എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരെ സുഡാനിലേക്ക് അയക്കാന്‍ നീക്കം നടത്തുന്നുണ്ട്. വ്യോമാക്രമണത്തിലൂടെ അര്‍ധസൈനിക വിഭാഗത്തിന്റെ താവളങ്ങള്‍ വ്യാപകമായി തകര്‍ത്തതോടെ ആര്‍ എസ് എഫിന് മേല്‍ സൈന്യം മേല്‍ക്കൈ നേടി. തുടര്‍ച്ചയായ രണ്ടാം ദിവസത്തെ പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മൂന്ന് സന്നദ്ധ സേവകരടക്കം 59 സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

വെടിവെപ്പ് അവസാനിപ്പിക്കാന്‍ നയതന്ത്ര സമ്മര്‍ദം ശക്തമാക്കിയിട്ടും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാതെ ആക്രമണം തുടരുകയാണ്. ഇരുഭാഗത്തെയും സൈനികരടക്കം 595 പേര്‍ക്ക് പരുക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തലസ്ഥാനമായ ഖര്‍ത്വൂമിന് വടക്ക് സ്ഥിതിചെയ്യുന്ന പ്രസിഡന്‍ഷ്യല്‍ കൊട്ടാരം അര്‍ധസൈനിക വിഭാഗം പിടിച്ചെടുത്തതായി സുഡാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡര്‍ മുഹമ്മദ് ഹംദാന്‍ ദഗാലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ആര്‍ എസ് എഫ് രാജ്യത്തുടനീളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനെതിരെ സൈന്യം രംഗത്തെത്തിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണിതെന്നാണ് സൈന്യത്തിന്റെ വാദം. ഖര്‍ത്വൂം, അംദര്‍മാന്‍ നഗരങ്ങളിലും സൈനിക ആസ്ഥാനം, ഖര്‍ത്വൂം അന്താരാഷ്ട്ര വിമാനത്താവളം, സ്റ്റേറ്റ് ടെലിവിഷന്‍ ആസ്ഥാനം എന്നിവക്ക് ചുറ്റുമാണ് കനത്ത പോരാട്ടം നടക്കുന്നത്.

2000ത്തിന്റെ തുടക്കത്തില്‍ പടിഞ്ഞാറന്‍ ദാര്‍ഫര്‍ മേഖലയെ അടിച്ചമര്‍ത്തിയ സുഡാനിന്റെ അന്നത്തെ പ്രസിഡന്റ് ഉമര്‍ അല്‍ ബശീറിന്റെ ജന്‍ജാവീദ് സൈനിക സംഘത്തില്‍ നിന്നാണ് ആര്‍ എസ് എഫ് രൂപം കൊണ്ടത്. 2019ല്‍ ബശീറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും ആര്‍ എസ് എഫ് അതേപടി നിലനിന്നു. ഉമര്‍ അല്‍ ബശീറിന് ശേഷം സുഡാനിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായി മാറിയിരിക്കുകയാണ് ആര്‍ എസ് എഫിന്റെ നിലവിലെ കമാന്‍ഡര്‍ മുഹമ്മദ് ഹംദാന്‍ ദഗാലോ.

Share
അഭിപ്രായം എഴുതാം