ഫിലിപ്പീന്‍സ് വിമാനാപകടം: കാണാതായവര്‍ക്കായി മയോണ്‍ അഗ്നിപര്‍വതത്തില്‍ തെരച്ചില്‍

മനില: ഫിലിപ്പീന്‍സില്‍ ചെറുവിമാനം തകര്‍ന്നു കാണാതായവര്‍ക്കായി സജീവ അഗ്നിപര്‍വതമായ മയോണിലും തെരച്ചില്‍. ആല്‍ബേ പ്രവിശ്യയിലെ ബികോള്‍ വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച മനിലയിലേക്കുപോയ സെസ്‌ന 340 വിമാനമാണു പറന്നുയര്‍ന്നതിനു പിന്നാലെ കാണാതായത്. പിന്നാലെ, മയോണ്‍ അഗ്നിപര്‍വതത്തിനു സമീപം തകര്‍ന്ന നിലയില്‍ വിമാനം കണ്ടെത്തി.
സമുദ്രനിരപ്പില്‍നിന്ന് ആറായിരം അടി ഉയരത്തിലാണ് വിമാനമുള്ളതെന്ന് ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണു കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ മൂലം രക്ഷപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്താനായിരുന്നില്ല. അഗ്നിപര്‍വതമുഖത്തുനിന്ന് 350 മീറ്റര്‍ മാത്രം അകലെയാണു വിമാനം കിടക്കുന്നതെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വീണ്ടും അഗ്നിപര്‍വത സ്‌ഫോടനവും ലാവാ പ്രവാഹവുമുണ്ടാകുമോയെന്നും ആശങ്കയുണ്ട്. മയോണിനു നാലു കിലോമീറ്റര്‍ ചുറ്റളവ് അതീവ അപകടമേഖലയായാണു പ്രഖ്യാപിച്ചിരിക്കുന്നത്.

ഹെലികോപ്റ്ററുകളുടെയും പര്‍വതാരോഹകരുടെയും സ്‌നിഫര്‍ നായ്ക്കളുടെയും സഹായത്തോടെയാണ് തെരച്ചില്‍. ജിയോതെര്‍മല്‍ സ്ഥാപനത്തിലെ രണ്ട് ഫിലിപ്പിനോ ജീവനക്കാരെയും രണ്ട് ഓസ്‌ട്രേലിയന്‍ കണ്‍സള്‍ട്ടന്റുമാരെയുമാണ് കാണാതായത്.
2006 ലാണ് അവസാനമായി മയോണ്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. 1,266 പേരാണ് അന്നു മരിച്ചത്.

Share
അഭിപ്രായം എഴുതാം