കശ്മീര്‍ ഫയല്‍സില്‍ പറയുന്നത് സത്യമല്ലെന്ന് തെളിയിച്ചാല്‍ സിനിമരംഗം വിടുമെന്ന് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി

ഗോവ: കശ്മീര്‍ ഫയല്‍സ് പ്രൊപ്പഗന്‍ഡ സിനിമയെന്ന, രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി ചെയര്‍മാന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. സിനിമയിലെ ഏതെങ്കിലും ഷോട്ടോ ഡയലോഗോ സത്യമല്ലെന്ന് തെളിയിക്കാനാണ് അദ്ദേഹം വിമര്‍ശകരെ വെല്ലുവിളിച്ചത്. അങ്ങനെ ചെയ്താല്‍ സിനിമരംഗം വിടുമെന്നും അദ്ദേഹം പറഞ്ഞു.സത്യം അപകടകരമായ സംഗതിയാണ്, അത് ആളുകളെക്കൊണ്ട് നുണ പറയിക്കും എന്നു അദ്ദേഹം ട്വീറ്റ് ചെയ്തു. 1990കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പാലയനം ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് ദി കാശ്മീര്‍ ഫയല്‍സ്. അനുപം ഖേര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഈ വര്‍ഷത്തെ മികച്ച ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ്. ഇന്ത്യന്‍ പനോരമയിലും അന്താരാഷ്ട്ര മത്സര വിഭാഗത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ഒട്ടേറെപ്പേര്‍ ജൂറി ചെയര്‍മാനും ഇസ്രയേലി സംവിധായകനുമായ നദാവ് ലാപിഡിന്റെ വിമര്‍ശനത്തിനെതിരെ രംഗത്തുവന്നു.വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് വൃത്തികെട്ട പ്രൊപ്പഗന്‍ഡ സിനിമയാണെന്നാണ് നദാവ് ലാപിഡ് പറഞ്ഞത്. അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് ലാപിഡ് വിമര്‍ശനം ഉന്നയിച്ചത്. ഇതിനെതിരെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.ഐഎഫ്എഫ്ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ് പറഞ്ഞു. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്. ഇതിവിടെ പരസ്യമായിത്തന്നെ പറയുകയാണ്. നല്ലൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നാല്‍ അതില്‍ വരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക കൂടിയാണെന്ന് ഇസ്രായേലി സംവിധായകന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം