പി.എസ്.സി. പരീക്ഷാര്‍ഥിയെ റോഡില്‍ തടഞ്ഞു: പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കോഴിക്കോട്: ഗതാഗതനിയന്ത്രണം ലംഘിച്ചുവെന്നാരോപിച്ചു പി.എസ്.സി. പരീക്ഷാര്‍ഥിയായ യുവാവിനെ പോലീസ് റോഡില്‍ തടഞ്ഞുനിര്‍ത്തിയതായി പരാതി. പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ഥിയുടെ പരാതിയില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു.മലപ്പുറം ജില്ലയില്‍ നിന്ന് കോഴിക്കോട്ട് പരീക്ഷ എഴുതാനെത്തിയ യുവാവിനെയാണ് ഫറോക്ക് പോലീസ് സ്റ്റേഷനു സമീപത്തു തടഞ്ഞത്. തുടര്‍ന്ന് യുവാവിന്റെ പി.എസ്.സി. പരീക്ഷാ അവസരം നഷ്ടപ്പെട്ടു. സംഭവത്തില്‍ ഉത്തരവാദിയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് പ്രസാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പന്നിയങ്കര ഭാഗത്തേക്കു പരീക്ഷയ്ക്കു വരികയായിരുന്ന യുവാവിനെയാണ് തടഞ്ഞത്. പിന്നീട് യുവാവിനെ സ്റ്റേഷനില്‍ എത്തിച്ചു. പരീക്ഷയുള്ളതറിഞ്ഞു മറ്റു പോലീസുകാര്‍ വാഹനത്തില്‍ സ്‌കൂളില്‍ എത്തിച്ചെങ്കിലും സമയം വൈകിയതിനാല്‍ എഴുതാന്‍ സാധിച്ചില്ല.സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.സി.പി. ഡോ. എ. ശ്രീനിവാസാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഡ്യൂട്ടിയില്‍ ഗുരുതരകൃത്യവിലോപവും ജാഗ്രതക്കുറവും ഉണ്ടായതായി വ്യക്തമാക്കിയാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Share
അഭിപ്രായം എഴുതാം