ന്യൂഡല്‍ഹി: വനിത ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. പരിക്ക് മൂലം ഇംഗ്ലണ്ട് പര്യടനം നഷ്ടമായ ജെമിമ റോഡ്രിഗസ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.റിച്ച ഘോഷാണ് വിക്കറ്റ് കീപ്പര്‍. രേണുക സിങ്, മേഘ്ന സിങ്, പൂജ വസ്ത്രാകര്‍ എന്നിവരടങ്ങിയതാണ് പേസ് യൂണിറ്റ്. രാധ യാദവ്, സ്നേഹ് റാണ, രാജേശ്വരി ഗെയ്കവാദ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. സ്മൃതി മന്ദാനയും ഷഫാലി വര്‍മയും ഓപ്പണര്‍മാരായെത്തും.
ഹര്‍മന്‍പ്രീത്, ജെമീമ എന്നിവര്‍ക്കൊപ്പം സബിനേനി മേഘ്ന, ദയാലന്‍ ഹേമലത, കെപി നവ്ഗിരെ എന്നിവരാണ് ടീമിലെ മറ്റ് ബാറ്റര്‍മാര്‍. ഓള്‍ റൗണ്ടറായ ദീപ്തി ശര്‍മയ്ക്കും ബാറ്റ് കൊണ്ട് സംഭാവന ചെയ്യാന്‍ കഴിയും. താനിയ ഭാട്ടിയ, സിമ്രാന്‍ ദില്‍ ബഹാദൂര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഒക്ടോബര്‍ ഒന്ന് മുതല്‍ ബംഗ്ലാദേശിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക. ആദ്യ ദിനം ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ഇറങ്ങും. ഒക്ടോബര്‍ മൂന്നിന് മലേഷ്യ, നാലിന് യുഎഇ എന്നീ ടീമുകള്‍ക്കെതിരെയും ഇന്ത്യ കളിക്കും. ഏഴിന് പാകിസ്ഥാനെതിരേയും ഇന്ത്യയ്ക്ക് മത്സരമുണ്ട്. തുടര്‍ന്ന് എട്ടിന് ബംഗ്ലാദേശിനേയും പത്തിന് തായ്ലന്‍ഡിനെയും ഇന്ത്യ നേരിടും.



