ഓസ്ട്രേലിയക്കെതിരേ ശ്രീലങ്കയ്ക്ക് ജയം

ഗാള്‍: ശ്രീലങ്കയ്ക്ക് ആശ്വാസമായി ജയം. ഗാളില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് അവര്‍ ആശ്വാസം കണ്ടെത്തിയത്. ഒരു ഇന്നിങ്സിനും 39 റണ്ണിനുമാണ് ലങ്കയുടെ ജയം. രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയില്‍ അവസാനിച്ചു. ഒന്നാം ടെസ്റ്റില്‍ ഓസീസ്മികച്ചജയം സ്വന്തമാക്കിയിരുന്നു. കന്നി ടെസ്റ്റ് കളിക്കുന്ന ഇടംകൈയന്‍ സ്പിന്നര്‍ പ്രഭാത് ജയസൂര്യ രണ്ട് ഇന്നിങ്സുകളിലായി 12 വിക്കറ്റെടുത്ത് തിളങ്ങി. ദിനേഷ് ചാന്‍ഡിമാലിന്റെ (326 പന്തില്‍ അഞ്ച് സിക്സറും 16 ഫോറുമടക്കം പുറത്താകാതെ 206) ഇരട്ട സെഞ്ചുറിയും ലങ്കയുടെ ജയത്തിന് തുണയായി.സ്‌കോര്‍: ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 364, രണ്ടാം ഇന്നിങ്സ് 151. ശ്രീലങ്ക ഒന്നാം ഇന്നിങ്സ് 554.

മിച്ചല്‍ സ്റ്റാര്‍ക് എറിഞ്ഞ 175-ാം ഓവറില്‍ ലങ്കയുടെ ഒന്‍പതാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ ചാന്‍ഡിമല്‍ 159 റണ്ണെടുത്ത് നില്‍ക്കുകയായിരുന്നു. പത്താമനായ കാസുന്‍ രജിതയെ (ഒന്‍പത് പന്തില്‍ 0) കാഴ്ചക്കാരനായി നിര്‍ത്തിയ ചാന്‍ഡിമല്‍ ട്വന്റി20 മാതൃകയില്‍ 18 പന്തില്‍ 42 റണ്ണെടുത്തു. മൈക്കിള്‍ സ്വെപ്സണ്‍ രജി യ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ ലങ്കന്‍ ഇന്നിങ്സ് അവസാനിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ആദ്യ ശ്രീലങ്കന്‍ താരമാണ് ചാന്‍ഡിമല്‍. നായകന്‍ ദിമുത് കരുണരത്നെ (86), കുശല്‍ മെന്‍ഡിസ് (85), എയ്ഞ്ചലോ മാത്യുസ് (52), കമിന്ദു മെന്‍ഡിസ് (61) എന്നിവര്‍ ലങ്കയ്ക്കായി അര്‍ധ സെഞ്ചുറികളടിച്ചു. മാര്‍നസ് ലാബുഷാഗെ (156 പന്തില്‍ 104), സ്റ്റീവ് സ്മിത്ത് (272 പന്തില്‍ 145) എന്നിവര്‍ ഓസീസിനു വേണ്ടി സെഞ്ചുറിയടിച്ചു. രണ്ടാം ഇന്നിങ്സില്‍ ഓസീസ് ബാറ്റര്‍മാര്‍ക്കു മികവ് തുടരാനായില്ല. 59 പന്തില്‍ 32 റണ്‍സെടുത്ത ലാബുഷാഗെയാണ് രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്, മൈക്കിള്‍ സ്വെപ്സണ്‍ എന്നിവര്‍ക്ക് അക്കൗണ്ട് തുറക്കാനായില്ല. ഡേവിഡ് വാര്‍ണറും (24) ഉസ്മാന്‍ ഖ്വാജയും (29) ചേര്‍ന്ന് അവര്‍ക്ക് മികച്ച തുടക്കം നല്‍കി. വാര്‍ണറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി രമേശ് മെന്‍ഡിസാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ഖ്വാജയെ ഫെര്‍ണാണ്ടോയുടെ കൈയിലെത്തിച്ച് ജയസൂര്യയും ആക്രമണം തുടങ്ങി. അതേ ഓവറില്‍ തന്നെ സ്മിത്തിനെയും ജയസൂര്യ പുറത്താക്കി. ട്രാവിസ് ഹെഡിനെ (അഞ്ച്) രമേശ് മെന്‍ഡിസ് ബൗള്‍ഡാക്കിയതോടെ ഓസീസ് നാലിന് 74 റണ്ണെന്ന നിലയിലായി. ലാബുഷാഗെയും കാമറുണ്‍ ഗ്രീനും (23) ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയതോടെ സ്‌കോര്‍ 100 കടന്നു. ലാബുഷാഗെ മടങ്ങി വൈകാതെ ഗ്രീനും പുറത്തായി. ജയസൂര്യയെ ക്രീസ് വിട്ടിറങ്ങി നേരിട്ട ഗ്രീനെ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല സ്റ്റമ്പ് ചെയ്തു. അതേ ഓവറില്‍ തന്നെ സ്റ്റാര്‍ക്കും മടങ്ങി. അതോടെ ഓസീസ് ഏഴിന് 117 റണ്ണെന്ന നിലയിലായി. നായകന്‍ പാറ്റ് കുമ്മിന്‍സ് (16), വിക്കറ്റ് കീപ്പര്‍ അലക്സ് കാരി (28 പന്തില്‍ പുറത്താകാതെ 16) എന്നിവരുടെ ചെറുത്തു നില്‍പ്പ് സ്‌കോര്‍ 150 ന് അടുത്തെത്തിച്ചു. കുമ്മിന്‍സ്, നഥാന്‍ ലിയോണ്‍ (അഞ്ച്) എന്നിവരെ മഹീഷ് തീക്ഷ്ണ വിക്കറ്റിനു മുന്നില്‍ കുടുക്കി ജയം ക്ഷണത്തിലാക്കി. ജയസൂര്യ ഒന്നാം ഇന്നിങ്സില്‍ 118 റണ്‍ വഴങ്ങിയും രണ്ടാം ഇന്നിങ്സില്‍ 59 റണ്‍ വഴങ്ങിയുമാണ് ആറ് വിക്കറ്റെടുത്തത്. പ്രഭാത് ജയസൂര്യ മത്സരത്തിലെയും ദിനേഷ് ചാന്‍ഡിമല്‍ പരമ്പരയിലെയും താരമായി.

Share
അഭിപ്രായം എഴുതാം