റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോൾ കുറഞ്ഞത് മൂന്നുമാസം സമയം നീട്ടിനൽകണമായിരുന്നെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് സമയത്ത് ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാതിരുന്നതു കണക്കിലെടുത്ത് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയപ്പോൾ ഓരോ റാങ്ക് പട്ടികയ്ക്കും കുറഞ്ഞത് മൂന്നുമാസം സമയം നീട്ടിനൽകണ മായിരുന്നെന്ന് ഹൈക്കോടതി. ഇക്കാലയളവിൽ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകൾക്ക് മൂന്നുമാസംകൂടി നീട്ടിനൽകിയതായി കണക്കാക്കണം. ആ സമയത്ത് റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ഹർജിക്കാരുടെ ക്ലെയിം പരിഗണിച്ച് രണ്ടുമാസത്തിനകം നടപടിയെടുക്കണമെന്നും കോടതിനിർദേശിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

2021 ഫെബ്രുവരി അഞ്ചിനും ഓഗസ്റ്റ് മൂന്നിനുമിടയ്ക്ക് കാലാവധി കഴിഞ്ഞ പട്ടികകൾക്ക് 2021 ഓഗസ്റ്റ് നാലുവരെ പി.എസ്.സി. സമയം നീട്ടിനൽകിയിരുന്നു. ഇങ്ങനെ നീട്ടി നൽകിയപ്പോൾ ചില റാങ്ക് പട്ടികകൾക്ക് മൂന്നുമാസത്തിൽ കുറവാണ് ലഭിച്ചതെന്നും ഏകീകൃതസ്വഭാവമില്ലെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഉദ്യോഗാർഥികൾ നൽകിയ അപ്പീലിലാണ് ഉത്തരവ്.

ഉദ്യോഗാർഥികൾ നൽകിയ ഹർജി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും (കെ.എ.ടി.) സിംഗിൾ ബെഞ്ചും തള്ളിയതിനെത്തുടർന്നായിരുന്നു അപ്പീൽ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടെന്നുവന്നാൽ മൂന്നുമാസംമുതൽ ഒന്നരവർഷംവരെ ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ ചട്ടപ്രകാരം പി.എസ്.സി.ക്ക് അധികാരമുണ്ട്.

Share
അഭിപ്രായം എഴുതാം