റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സായാഹ്ന സവാരിക്കിടെ ഭാര്യമാരെ കടന്നുപിടിച്ചവരെ ചോദ്യം ചെയ്‌ത ഏജീസ്‌ ഓഫീസിലെ ഉഗ്യോഗസ്ഥര്‍ക്ക്‌ വെട്ടേറ്റു. തിരുവനന്തപുരം ഏജീസ്‌ ഓഫീസിലെ സീനിയര്‍ അക്കൗണ്‍ന്‍റും ഹരിയാണ സ്വദേശിയുമായ രവി യാദവ്‌, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത്‌ എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. തിരുവനന്തപുരം നഗരത്തില്‍ പേട്ടക്കുസമീപം 2021 ജൂണ്‍ മാസം 27ന്‌ ഞായറാഴ്‌ച രാത്രി 9 മണിയോടെയാണ്‌ സംഭവം.

കുടുംബ സമേതം നടക്കാനിറങ്ങിയതായിരുന്നു ഇവര്‍. ബൈക്കിലെത്തിയവരാണ്‌ ആക്രമണം നടത്തിയത്‌. അക്രമിസംഘം ആദ്യം ഉദ്യോഗസ്ഥരുടെ ഭാര്യമാരെ റോഡില്‍ വെച്ച്‌ കടന്നുപിടിക്കുകയായിരുന്നു. ഇത്‌ ചോദ്യം ചെയ്‌തതോടെ രവി യാദവിനേയും ജസ്വന്തിനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ജസ്വന്തിന്‍റെ കാലിലാണ്‌ പരിക്ക്‌. കുഞ്ഞുങ്ങളെ വെട്ടുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പിന്നീട്‌ പോലീസെത്തിയാണ്‌ ഇവരെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചത്‌.

എന്നാല്‍ ആശുപത്രിയില്‍ നിന്ന്‌ തിരികെ വീട്ടിലെത്തിയ ശേഷവും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നാണ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌. വീടിന്‌ മുന്നിലത്തി ഭീഷണി മുഴക്കിയ അക്രമിസംഘം ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തു. സംഭവത്തില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം പോലീസ്‌ സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തു. തലസ്ഥാന നഗരിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമമുണ്ടായത്‌ അതീവ ഗൗരവമേറിയ സംഭവമാണെന്നാണ്‌ പോലീസ്‌ വിലയിരുത്തുന്നത്‌. പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചതായും പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *