റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5,510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ കൊല്ലം സ്വദേശിനി സുബൈദ വാക്സിൻ ചലഞ്ചിലും മാതൃകയായി. തന്റെ ആടുകളെ വിറ്റ പണം സുബൈദ വാക്സിന്‍ വിതരണത്തിനായി സംഭാവന നല്‍കിയെന്ന് വെളളിയാഴ്ച(23/04/21) വാർത്താ സമ്മേളനത്തിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. 5510 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സുബൈദ ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്.

2020ല്‍ ആടിനെ വിറ്റപ്പോള്‍ കിട്ടിയ 12,000 രൂപയില്‍ 5000 വാടക നല്‍കി. 2000 രൂപ കറന്റ്ചാര്‍ജ് കുടിശികയും വീട്ടിയ ശേഷമാണ് അറുപതുകാരിയായ സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സുബൈദ ആടിനെ വിറ്റ കാര്യം വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു അന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചത്. വീണ്ടും ഇതാ ഒരു റമദാന്‍ കാലത്ത് തന്റെ ആടുകളെ വിറ്റുകൊണ്ട് നാടിനും നാട്ടുകാര്‍ക്കും വേണ്ടി സുബൈദ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ്.

”വാക്സിനുകള്‍ വാങ്ങുന്നതിലേയ്ക്കായി സിഎംഡിആര്‍എഫിലേക്ക് സംഭാവനകള്‍ ഇന്നലെ(ഏപ്രിൽ 22) മുതല്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നു(ഏപ്രിൽ 23) മാത്രം ഒരുകോടിയിലധികം രൂപയാണ് ഇങ്ങനെ എത്തിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍, തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു. കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങള്‍ സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകള്‍ നല്‍കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും വാക്സിന്‍ വാങ്ങാനുള്ള സംഭാവന എത്തുകയാണ്. ഇത്തരത്തില്‍ വാക്സിന്‍ വാങ്ങുന്നതിനായി ജനങ്ങള്‍ നല്‍കുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആര്‍എഫില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്സിനേഷനു വേണ്ടി മാത്രം ചെലവഴിക്കും. ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്. എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോര്‍ക്കണം. വാക്സിനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേര്‍തിരിവുകളെ മറികടന്ന് വാക്സിന്‍ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നില്‍ക്കാം.” മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *