വാഷിംഗ്ടണ്‍: യുഎസില്‍ പത്ത് വര്‍ഷമായി ഇന്‍കം ടാക്സ് അടക്കാത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ 145,400 ഡോളര്‍ നികുതി അടച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ട്രംപും കമ്പനികളും പനാമയില്‍ 15,598 ഡോളറും 2017 ല്‍ 156,824 ഡോളറും നികുതി നല്കി. എന്നാല്‍ ഇതെല്ലാം വ്യാജ വാര്‍ത്തയാണെന്നാണ് ട്രംപ് പ്രതികരിച്ചത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2016ലും 2017ലും മാത്രമാണ് ട്രംപ് അമേരിക്കയില്‍ നികുതി അടച്ചത്. 750 ഡോളര്‍ മാത്രമാണ് അടച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2018ല്‍ ആദയാനികുതി കുറയ്ക്കാനായി കമ്പനി 47400000 ഡോളര്‍ ( 300 കോടിയിലധികം) നഷ്ടത്തിലാണെന്ന് ട്രംപ് കാണിച്ചിരുന്നു. എന്നാല്‍, 2018 സാമ്പത്തികവര്‍ഷം മാത്രം ട്രംപിന് 427400000 ഡോളര്‍ (3000 കോടിയിലധികം) വരുമാനം ലഭിച്ചിട്ടുണ്ട്. റിയാലിറ്റി ടിവി പരിപാടി, ലൈസന്‍സിങ് ഓഹരി മറ്റുള്ള ബിസിനസുകളില്‍ നിന്നാണ് ഇത്രയും വരുമാനം. പുറത്തുവിട്ട രേഖകളില്‍ നിന്ന് മാത്രമുള്ള വിവരമാണിത്. മുഴുവന്‍ സ്വത്ത്വിവരങ്ങളുടെയും വരുമാനത്തിന്റെയും കണക്ക് ഇതുവരെ ലഭ്യമല്ല.
ട്രംപിനേക്കാള്‍ കൂടുതല്‍ ആദായനികുതി അടച്ച പൗരന്മാര് കൈയുയര്‍ത്താന്‍ ഡെമോക്രാറ്റിക് സെനറ്റംഗം ചക്ക് ഷൂമര്‍ പരിഹാസരൂപേണ ട്വിറ്ററില്‍ കുറിച്ചു. വാര്‍ത്ത വ്യാജമാണെന്നും ഓഡിറ്റ് നടക്കുന്നതിനാലാണ് ആദായനികുതി സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാക്കാത്തതെന്നും ട്രംപ് പറഞ്ഞു. ആദായനികുതി വിവരങ്ങള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി അഭിഭാഷകരും ഡെമോക്രാറ്റ് കോണ്‍ഗ്രസംഗങ്ങളും മുമ്പ് കേസ് കൊടുത്തിരുന്നു.



