തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സെൻഡ്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമായത്. വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്.
പി.കെ. കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
വി.ഡി. സതീശന് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കുഞ്ഞാലിക്കുട്ടി ദൈവനാമത്തിലും സൃഷ്ടാവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമനായി രമേശ് ചെന്നിത്തലയും സത്യപ്രതിജ്ഞ ചെയ്തു.
തുടർന്ന് സണ്ണി ജോസഫ്, കെ.മുരളീധരൻ, മോൻസ് ജോസഫ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. കെ.മുരളീധരൻ ഇംഗ്ലീഷിലും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണും സിഎംപി നേതാവ് സി.പി.ജോണും സഗൗരവത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വൻ ജനബാഹുല്യവും ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ തുടരുകയാണ്.