മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ മാര്‍ഗ്ഗ രേഖ ഉണ്ടാക്കണമെന്നുളള ഹര്‍ജി ഹൈക്കോടതി തളളി.

കൊച്ചി: മാധ്യമങ്ങളെ   നിയന്ത്രിക്കാന്‍ മാര്‍ഗ്ഗ രേഖ  ഉണ്ടാക്കണമെന്നുളള ഹര്‍ജി ഹൈക്കോടതി തളളി. ചേര്‍ത്തല സ്വദേശിയായ അഭിഭാഷകനാണ് ഈ ആവശ്യം ഉന്നയിച്ച് പൊതു താല്‍പ്പര്യ  ഹര്‍ജി നല്‍കിയിരുന്നത്.  മാധ്യമങ്ങള്‍  അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗിച്ച് ജുഡീഷ്യറി, സര്‍ക്കാര്‍, പൊലീസ്, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.

മാധ്യമങ്ങള്‍ക്ക് പൊതു  നിയന്ത്രണം ഏര്‍പ്പെടുത്താനോ  മാര്‍ഗ്ഗരേഖ കൊണ്ടുവരാനോ സാധ്യമല്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍, ജസ്റ്റീസ് ഷാജി പി ചാലി, എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്  ഹര്‍ജി തളളുകയായിരുന്നു.

ഓരോ കേസിന്‍റെേയും സാഹചര്യം പരിഗണിച്ചു മാത്രമേ മാധ്യമ  നിയന്ത്രണം ഏര്‍പ്പെടുത്താനാവൂ എന്നാണ്  സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ജനാധിപത്യത്തിന്‍റെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് മാധ്യമങ്ങള്‍  അനിവാര്യമായ തിനാലാണ്  നാലാംതൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.  മാധ്യമങ്ങളെ തടഞ്ഞാല്‍ പൊതു പ്രവര്‍ത്തനങ്ങള്‍   പൊതുജനങ്ങള്‍ക്ക് അറിയാനും മനസിലാക്കാനും കഴിയാതെ വരും. ഇത് ജനാധിപത്യത്തേയും ഭരണത്തേയും അപകടത്തിലാക്കും. വസ്തുതകള്‍ മാത്രം പരിഗണിച്ചാണ് ജഡ്ജിമാര്‍ കേസുകള്‍ തീരുമാനിക്കുന്നത്.  മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാറില്ല. 

അതേസമയം മാദ്ധ്യമങ്ങള്‍ക്ക് സ്വയം നിയന്ത്രണത്തിലൂടെ  ധാര്‍മ്മിക മൂല്യങ്ങള്‍  ഉയര്‍ത്തി പിടിക്കുന്ന സംവിധാനങ്ങള്‍  ഉണ്ടാകണമെന്ന  മദ്രാസ് ഹൈക്കോടതി ഉത്തരവ് പരാമര്‍ശിച്ച ഡിവിഷന്‍ ബെഞ്ച് അഭിപ്രയപ്പെട്ടു.

Share
അഭിപ്രായം എഴുതാം