ന്യൂഡൽഹി: ചൈനീസ് ഡ്രോണുകളുമായി ഇന്ത്യയിൽ ചാരപ്രവർത്തനത്തിന് പാക്കിസ്ഥാൻ. ബുധനാഴ്ച (21/10/20) ഗുരുദാസ്പൂർ ജില്ലയിൽ ഇന്ത്യൻ വ്യോമാതിർത്തിയിൽ പറന്ന ചൈനീസ് ഡ്രോണിനെ അതിർത്തി രക്ഷാ സേന തിരിച്ചറിഞ്ഞു. സേന വെടിയുതിർത്തൂവെങ്കിലും ഡ്രോൺ പാക്കിസ്ഥാൻ ഭാഗത്തേക്ക് നീങ്ങി രക്ഷപെട്ടു.
ഇത്തരം സംഭവങ്ങൾ മേഖലയിൽ സാധാരണമാണെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞയാഴ്ച മാത്രം ഇത്തരം അഞ്ച് സംഭവങ്ങൾ അതിർത്തി രക്ഷാ സേന കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാവിലെ പാക്കിസ്ഥാൻ ഭാഗത്തു നിന്നും വന്ന ഡ്രോണിനു നേരെ വെടിയുതിർത്ത സംഭവം ഗുരുദാസ്പൂർ സെക്ടർ ബി എസ് എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ രാജേഷ് ശർമ സ്ഥിരീകരിച്ചു.
ഡ്രോണിൻ്റെ പറക്കൽ വളരെ ഗൗരവപൂർവമാണ് ബി എസ് എഫ് കാണുന്നത്. പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ, വെടിമരുന്ന് എന്നിവ ഇന്ത്യൻ മേഖലയിൽ നിക്ഷേപിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഗുരുദാസ്പൂരിലെ സേനാ വൃത്തങ്ങൾ പറയുന്നു. നിരവധി ഡ്രോണുകൾ അടുത്തിടെ ചൈന പാകിസ്ഥാന് വിതരണം ചെയ്തിട്ടുണ്ട്.
ചരക്കുകൾ ഉപേക്ഷിക്കാൻ പാകിസ്ഥാൻ ഉയർന്ന കൃത്യതയുള്ള ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ ഡ്രോണുകൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് എന്തും നിഷേപിക്കാൻ കഴിയുകയും ചെയ്യും.



