ഭോപ്പാല്‍: മധ്യപ്രദേശിലെ ഓര്‍ഡനന്‍സ് ഫാക്ടറി പരിസരത്ത് ജൂനിയര്‍ കമാന്‍ഡ് ഓഫീസറെ വെടിവെച്ചുകൊന്ന ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് ജവാന് ഫാക്ടറിക്കുള്ളില്‍ തന്റെ സര്‍വീസ് റൈഫിളുമായി ഒളിച്ചിരിക്കുന്നു. കട്നി ജില്ലാ പോലീസ് ഇദ്ദേഹത്തോട് സര്‍വീസ് റൈഫിളിനൊപ്പം കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഡിഎസ്സി ജവാന് ഷക്കര്‍ സിങ്ങാണ് ഒളിച്ചിരിക്കുന്നത്.
സൈനിക ഉദ്യോഗസ്ഥര്‍ ശനിയാഴ്ച മുതല്‍ ഡിഎസ്സി ജവാനുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. കീഴടങ്ങാന്‍ നിര്‍ദേശിച്ചു. നിലവില്‍ ജവാന് ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ ഒരു ഡ്രോണ്‍ ക്യാമറയും വിന്യസിച്ചിരിക്കുകയാണെന്ന് പോലിസും സേനയും വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ അദ്ദേഹത്തിന്റെ കുടുംബവും ഫോണിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ ഫലം ഉണ്ടായില്ലെന്ന് കട്നി ജില്ലാ പോലീസ് സൂപ്രണ്ട് ലളിത് ശാക്യവര് പറഞ്ഞു. സായാഹ്ന പരേഡിനിടെയുണ്ടായ രൂക്ഷമായ തര്‍ക്കത്തെത്തുടര്‍ന്ന് ജെസിഒ നായിബ് സുബേദാര്‍ അശോക് ഷിക്കാരയെ ഇദ്ദേഹം വെടിവച്ച് കൊല്ലുകയായിരുന്നു



