ബംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡിൽ മദ്യപിച്ചുകൊണ്ട് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത ഡോക്ടർമാർ അറസ്റ്റിൽ. മാർച്ച് 22 ഞായറാഴ്ച രാത്രി ജയദേവ ജംഗ്ഷനും ബിടിഎം ലേഔട്ടിനും ഇടയിലാണ് സംഭവം.സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. മൂന്ന് പേർ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതും പുറകിൽ ഇരിക്കുന്നയാൾ ബിയർ കുടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വാഹനം വളഞ്ഞ്പുളഞ്ഞ് പോകുന്നതും കാണാം.
മൂന്നുപേരും ഓർത്തോപീഡിക് ഡോക്ടർമാർ
വീഡിയോ പ്രചരിച്ചതിനെത്തുടർന്ന്, പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ധനുഷ് എസ്, അപൂർവ, അവിനാശ് എന്നിവരെ തിരിച്ചറിയുകയും ചെയ്തു. മൂന്നുപേരും ഓർത്തോപീഡിക് ഡോക്ടർമാരാണ്.സ്കൂട്ടർ ഓടിച്ചിരുന്ന ധനുഷ് ചിക്കബനവാരയിലെ സപ്തഗിരി മെഡിക്കൽ കോളജിലാണ് ജോലി ചെയ്യുന്നത്. അപൂർവ വൈദേഹി ആശുപത്രിയിലും, അവിനാഷ് രാമനഗര ജില്ലയിലെ ചാമുണ്ഡേശ്വരി മെഡിക്കൽ കോളജിലുമാണ് ജോലി ചെയ്യുന്നത്.
അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
തിങ്കളാഴ്ച മൂവരെയും മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ട്രിപ്പിൾ റൈഡിംഗ്, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റ് ഇല്ലാത്ത യാത്ര, പൊതുസ്ഥലത്ത് മദ്യപിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
