റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ആള്‍ക്കൂട്ടം ആക്രമിച്ചു; പാതി കത്തിയ മൃതദേഹവുമായി ബന്ധുക്കള്‍ ആംബുലന്‍സില്‍ രക്ഷപ്പെട്ടു

June 3, 2020 - 9:58 pm

ന്യൂഡല്‍ഹി: ജമ്മുവില്‍ കൊവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ആള്‍ക്കൂട്ടം ആക്രമിച്ചു. മൃതദേഹം പാതി ദഹിപ്പിച്ചപ്പോഴായിരുന്നു പ്രദേശവാസികള്‍ കല്ലേറും ആക്രമണവും നടത്തിയത്. എതിര്‍പ്പ് രൂക്ഷമായതോടെ പാതി ദഹിപ്പിച്ച മൃതദേഹം ആംബുലന്‍സില്‍ കയറ്റി കുടുംബം ശ്മശാനംവിട്ടു. പിന്നീട് മറ്റൊരിടത്തെത്തി സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ജമ്മു പ്രദേശത്ത് കോവിഡ് ബാധിച്ച് മരിച്ച നാലാമത്തെ ആളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയായിരുന്നു ആക്രമണം. ദോദ ജില്ലയില്‍ 72കാരനാണ് കഴിഞ്ഞദിവസം മരിച്ചത്.

വൃദ്ധന്റെ സ്വന്തം ജില്ലയില്‍ത്തന്നെ സംസ്‌കരിക്കാനായിരുന്നു തീരുമാനം. കൊവിഡ് മാനദണ്ഡപ്രകാരമാണ് സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. വൃദ്ധന്റെ ഭാര്യയും രണ്ടു മക്കളും ആരോഗ്യപ്രവര്‍ത്തകരും മാത്രമായിരുന്നു സംസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയത്. മൃതദേഹം കത്തിത്തീരുന്നതിനു മുമ്പ് ഒരുസംഘം ആളുകള്‍ ശ്മശാനത്തിലേക്ക് സംഘടിച്ചെത്തി ഇവര്‍ക്കുനേരെ കല്ലേറ് നടത്തി. നഗരത്തിലെ മറ്റൊരു ശ്മശാനത്തിലെത്തിയാണ് സംസ്‌കാരം പൂര്‍ത്തിയാക്കിയത്. അവിടെ ഡെപ്യൂട്ടി കമ്മീഷണര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

കൊവിഡ് രോഗത്താല്‍ മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലങ്ങളില്‍ അണുബാധ ഉണ്ടാവുമെന്ന ഭീതി സാധാരണ ജനങ്ങളില്‍ വ്യാപകമായി ഉള്ളതിനാലാണ് ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നത്. ഇതിനെതിരേ ബോധവല്‍കരണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സംഭവം വിരല്‍ചൂണ്ടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *