റോം, മേയ് 20: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ ബുധനാഴ്ച നിർണായക ഉഭയകക്ഷി ചർച്ച നടന്നു. വ്യാപാരം, പ്രതിരോധം, ശുദ്ധോർജം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശ സഹകരണം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യം.
സൈനിക ആദരവോടെ സ്വീകരണം
അഞ്ച് രാജ്യങ്ങളിലൂടെയുള്ള വിദേശ പര്യടനത്തിന്റെ അവസാന ഘട്ടമായാണ് പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച രാത്രി റോമിലെത്തിയത്. ഔദ്യോഗിക ചർച്ചകൾക്കായി എത്തിയ മോദിക്ക് ഇറ്റലി സൈനിക ബഹുമതി നൽകി സ്വീകരണം നൽകി. തുടർന്ന് ഇരുരാജ്യ നേതാക്കളും ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
ഇറ്റലി പ്രസിഡന്റുമായി കൂടിക്കാഴ്ച
പ്രധാനമന്ത്രി മോദി ഇറ്റലി പ്രസിഡന്റ്സെർജിയോ മറ്ററെല്ലയുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യ – ഇറ്റലി സൗഹൃദം, വ്യാപാരം, നിക്ഷേപം, സാംസ്കാരിക ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർണായക ധാതുക്കൾ, ബഹിരാകാശം, ആണവോർജം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഇരുരാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചു.
ഐമെക് പദ്ധതിക്ക് പ്രത്യേക ശ്രദ്ധ
ഈ സന്ദർശനത്തിൽ ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴിയായ ഐമെക് പദ്ധതിക്കാണ് പ്രത്യേക പ്രാധാന്യം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റ് വഴി യൂറോപ്പിലേക്ക് വ്യാപാരവും ഗതാഗതവും കൂടുതൽ എളുപ്പമാക്കുന്ന വലിയ പദ്ധതിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.
2025 – 2029 സംയുക്ത പ്രവർത്തനപദ്ധതി
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കാൻ 2025 മുതൽ 2029 വരെ നടപ്പാക്കാനുള്ള സംയുക്ത തന്ത്രപരമായ പ്രവർത്തനപദ്ധതിയും നേതാക്കൾ അവലോകനം ചെയ്തു. വിവിധ മേഖലകളിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള സഹകരണത്തിന്റെ റോഡ് മാപ്പായിരിക്കും ഇത്.
കൊളോസിയം സന്ദർശനവും പ്രത്യേക വിരുന്നും
മോദി റോമിലെത്തിയ ഉടൻ തന്നെ മെലോണി അദ്ദേഹത്തിന് പ്രത്യേക വിരുന്നൊരുക്കി. തുടർന്ന് ഇരുവരും ചേർന്ന് ലോകപ്രശസ്തമായ കൊളോസിയവും സന്ദർശിച്ചു. സമീപകാലത്ത് ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ അടുപ്പവും രാഷ്ട്രീയ സഹകരണവും വർധിച്ചുവരുന്നുവെന്നാണ് നിരീക്ഷണം.
ഇന്ത്യ – ഇറ്റലി വ്യാപാരം ഉയരത്തിൽ
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വേഗത്തിൽ വളരുകയാണ്. 2025ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 14.25 ബില്യൺ യൂറോയെത്തി. അതിൽ ഇന്ത്യയുടെ കയറ്റുമതി 8.55 ബില്യൺ യൂറോയും ഇറ്റലിയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 5.70 ബില്യൺ യൂറോയും ആയിരുന്നു. 2029ഓടെ വാർഷിക വ്യാപാരം 20 ബില്യൺ യൂറോയാക്കി ഉയർത്താനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.
യൂറോപ്പിലെ ഇന്ത്യൻ സമൂഹത്തിനും പ്രാധാന്യം
ഇറ്റലിയിൽ ഏകദേശം 1,86,833 ഇന്ത്യൻ വംശജരാണ് ഇപ്പോൾ താമസിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ ഇന്ത്യൻ സമൂഹം ഇറ്റലിയിലാണുള്ളത്. കൂടാതെ 5,100ലേറെ ഇന്ത്യൻ വിദ്യാർത്ഥികളും ഇപ്പോൾ ഇറ്റലിയിലെ സർവകലാശാലകളിൽ പഠിക്കുന്നു.