ബെലഗാവി: വിദ്വേഷപ്രസംഗവും അവയുടെ പ്രചാരണവും തടയുന്നതിനുള്ള ബിൽ കർണാടക സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. വിദ്വേഷപ്രസംഗത്തിന് ഒരുലക്ഷംരൂപ വരെ പിഴയും പത്തുവർഷംവരെ തടവും ഉറപ്പുവരുത്തുന്ന നിയമനിർമാണത്തെ പ്രതിപക്ഷമായ ബിജെപി എതിർത്തുവെങ്കിലും ഭരണപക്ഷം ബിൽ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.
വിദ്വേഷപ്രസംഗത്തിന് വേദിയൊരുക്കുന്ന കൂട്ടായ്മകള്‍, സംഘടനകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ എന്നിവ കുറ്റകൃത്യത്തിന്റെ പരിധിയില്‍
ബില്ലിന് നേരത്തേ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ജാതി, മതം, ലിംഗഭേദം, വ്യക്തിവിരോധം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണ് ബിൽ അനുസരിച്ച് കുറ്റകരമായി കണക്കാക്കുക. അത്തരം പ്രസംഗങ്ങള്‍ പ്രചരിപ്പിക്കുന്നതു കുറ്റകരമാണെന്നും വിദ്വേഷപ്രസംഗത്തിന് വേദിയൊരുക്കുന്ന കൂട്ടായ്മകള്‍, സംഘടനകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ എന്നിവ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും ബില്ലിൽ പറയുന്നു.വിദ്വേഷപ്രസംഗം തങ്ങളുടെ അറിവോടെയല്ലെങ്കില്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം വേദിയൊരുക്കുന്നവരുടേതാണെന്ന ചട്ടവും നിർദേശിച്ചിട്ടുണ്ട്.
