കാബൂൾ: താലിബാൻ സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു. ഇതോടെ, ആശ്വാസത്തിലായ അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷിച്ചു. താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഭാഗികമായി കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചതായി ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്ക്സും സ്ഥിരീകരിച്ചു.
എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി മുതിർന്ന താലിബാൻ വക്താവ്
ഒക്ടോബർ 1 ബുധനാഴ്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി ഖത്തറിലെ മുതിർന്ന താലിബാൻ വക്താവ് സുഹൈൽ ഷഹീനും വ്യക്തമാക്കി.നിരോധനം പിൻവലിച്ചതോടെ ബുധനാഴ്ച വൈകുന്നേരം കാബൂളിലെ തെരുവുകളിൽ നിരവധിപേരാണ് ഒത്തുകൂടിയത്. ഇന്റർനെറ്റ് കണക്ടിവിറ്റി പുനസ്ഥാപിച്ച സന്തോഷം ജനങ്ങൾ പരസ്പരം പങ്കുവെച്ചു. ദൂരദേശങ്ങളിലുൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
സെപ്തംബർ 29 തിങ്കളാഴ്ചയാണ് രാജ്യത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. 48 മണിക്കൂർ നീണ്ട നിരോധനം വ്യാപാരങ്ങളെയും വിമാന സർവീസുകളെയും തടസ്സപ്പെടുത്തിയിരുന്നു.


