ഡല്‍ഹി: പൊതുസ്ഥാപനം എന്ന നിർവചനത്തിൻകീഴില്‍ സർക്കാർ ഫണ്ട് വാങ്ങുന്ന എയ്ഡഡ് കോളജുകളും ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി.വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് കോളജുകളും വരുമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു തിരുവനന്തപുരം ചെമ്പഴന്തി എസ്‌എൻ കോളേജ് സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുഫണ്ട് ഉപയോഗിച്ചാണ് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നത്
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാൻ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്തുകൊണ്ടാണ് മടി കാണിക്കുന്നതെന്നും കോടതി ചോദിച്ചു. പൊതുഫണ്ട് ഉപയോഗിച്ചാണ് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നതെന്നും അതിനാല്‍ നിയമത്തിന്‍റെ പരിധിയില്‍ കോളജുകള്‍ ഉള്‍പ്പെടുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി
ജീവനക്കാർക്കുള്ള ശമ്പളം മാത്രമാണു സർക്കാർ നല്‍കുന്നതെന്നുളള വാദം കോടതി അംഗീകരിച്ചില്ല.
ജീവനക്കാർക്കുള്ള ശമ്പളം മാത്രമാണു സർക്കാർ നല്‍കുന്നതെന്നും അടിസ്ഥാനസൗകര്യങ്ങളും സ്ഥാപനത്തിനാവശ്യമായ വസ്തുക്കളും നല്‍കുന്നത് മാനേജ്മെന്‍റാണെന്നുമായിരുന്നു കോളജിന്‍റെ വാദം. എന്നാല്‍, ഈ വാദം അംഗീകരിക്കാതിരുന്ന കോടതി വിവരാവകാശ നിയമത്തിനു കീഴില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്ന് ഉത്തരവിടുകയിരുന്നു.