അഹമ്മദാബാദ്: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ ഗുജറാത്ത് സ്വദേശി പിടിയിലായി. ഗുജറാത്തിലെ ദ്വാരക ജില്ലയില്‍പ്പെട്ട ഓഖ സ്വദേശി ദിപേഷ് ഗോഹില്‍ (33) ആണ് സംസ്ഥാന ഭീകരവിരുദ്ധ സേന (എടിഎസ്) യുടെ പിടിയിലായത്. ഇന്ത്യൻ തീരസംരക്ഷണ സേനാ ബോട്ടുകളുടെ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനു ചോർത്തിക്കൊടുത്തതിനാണ് അറസ്റ്റ്.
വിവരങ്ങള്‍ കൈമാറുന്നതിന് പാക്കിസ്ഥാനിലെ ഏജന്‍റ് ഇയാള്‍ക്ക് നല്‍കിയിരുന്നത് ദിവസം 200 രൂപ .
ഓഖ തുറമുഖത്ത് പ്രതിരോധസേനയുടെ ബോട്ടില്‍ കഴിഞ്ഞ മൂന്നു വർഷമായി വെല്‍ഡിംഗ്, ഫർണിച്ചർ, ഇലക്‌ട്രിക്കല്‍ ജോലികള്‍ കോണ്‍ട്രാക്‌ട് വ്യവസ്ഥയില്‍ ചെയ്തുവരികയായിരുന്നു ഇയാള്‍. വിവരങ്ങള്‍ കൈമാറുന്നതിന് പാക്കിസ്ഥാനിലെ ഏജന്‍റ് ഇയാള്‍ക്ക് ദിവസം 200 രൂപ വീതമായിരുന്നു നല്‍കിയിരുന്നത്. ഇത്തരത്തില്‍ ഇയാള്‍ ഇതുവരെ 42000 രൂപ പാക്കിസ്ഥാനി ഏജന്‍റില്‍നിന്നു കൈപ്പറ്റിയിട്ടുണ്ടെന്ന് എടിഎസ് കണ്ടെത്തി. സാഹിമ എന്നപേരില്‍ ഫേസ്ബുക്കിലൂടെ ദിപേഷുമായി പരിചയപ്പെട്ട പാക്കിസ്ഥാനി ഏജന്‍റ് പിന്നീട് വാട്സ് ആപ് വഴിയും ബന്ധം പുലർത്തിവന്നിരുന്നു.
ബോട്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാക്കിസ്ഥാനുമായി പങ്കിടുന്നതായി തങ്ങള്‍ക്കു വിവരം ലഭിച്ചുവെന്നും അന്വേഷണത്തിനൊടുവില്‍ ഓഖ സ്വദേശിയായ ദിപേഷ് ഗോഹിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഗുജറാത്ത് എടിഎസ് ഓഫീസർ കെ. സിദ്ധാർഥ് പറഞ്ഞു