എം.പിമാർ സഭയുടെ അന്തസ്സിനനുസരിച്ച് പെരുമാറുന്നതുവരെ സഭയിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച് ഓം ബിർള

ഡൽഹി: വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ പാർലമെന്റിൽ ബഹളം തുടരുന്ന സാഹചര്യത്തിൽ സഭാനടപടികൾ നിയന്ത്രിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർള തീരുമാനിച്ചതായി റിപ്പോർട്ട്. എം.പിമാർ സഭയുടെ അന്തസ്സിനനുസരിച്ച് പെരുമാറുന്നതുവരെ സഭയിൽനിന്ന് വിട്ടുനിൽക്കാനാണ് ഓം ബിർളയുടെ തീരുമാനമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സഭയുടെ നിലവിലെ പ്രവർത്തനത്തിൽ പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും ഓം ബിർള കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. എം.പിമാർ സഭയുടെ അന്തസിന് അനുസരിച്ച് പെരുമാറുന്നതുവരെ ഇനി സഭയിലേക്ക് വരില്ലെന്ന് സ്പീക്കർ ഇരുപക്ഷത്തേയും അറിയിച്ചുവെന്നാണ് റിപ്പോർട്ട്. 2023 ഓ​ഗസ്റ്റ്ചൊ 1 ചൊവ്വാഴ്ച ബഹളത്തെതുടർന്ന് പിരിഞ്ഞസഭ ബുധനാഴ്ച വീണ്ടും ചേർന്നപ്പോൾ ഓം ബിർള ചെയറിൽ ഉണ്ടായിരുന്നില്ല. ബിജെപി അംഗം കിരീട്‌ സോളങ്കിയാണ് സഭാ നടപടികൾ നിയന്ത്രിച്ചത്.

2023 ജൂലായ് 20-ന് വർഷകാല സമ്മേളനം ആരംഭിച്ചതുമുതൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായി സഭ തടസപ്പെട്ടിരുന്നു. മണിപ്പൂർ കലാപ വിഷയത്തിൽ സഭയിൽ ചർച്ചവേണമെന്നും പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം തുടരുന്നത്. ഓ​ഗസ്റ്റ് 2 ബുധനാഴ്ചത്തെ ലോക്‌സഭാ നടപടികളും മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടർന്ന് പിരിഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം