ഗോവ തകര്‍ത്തു: കേരളം പിന്നോട്ട്

തുമ്പ: കേരളത്തിനെതിരായ എലൈറ്റ് സി ഗ്രൂപ്പ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഗോവയ്ക്ക് ഏഴ് വിക്കറ്റ് ജയം.സ്‌കോര്‍: കേരളം ഒന്നാം ഇന്നിങ്‌സ് 265, രണ്ടാം ഇന്നിങ്‌സ് 200. ഗോവ ഒന്നാം ഇന്നിങ്‌സ് 311, രണ്ടാം ഇന്നിങ്‌സ് മൂന്നിന് 157.

തോല്‍വിയോടെ കേരളം മൂന്നാം സ്ഥാനത്തേക്കു താണു. നാല് കളികളില്‍നിന്നു 13 പോയിന്റാണു നേട്ടം. 19 പോയിന്റുള്ള കര്‍ണാടക ഒന്നാമതും 14 പോയിന്റുള്ള രാജസ്ഥാന്‍ രണ്ടാമതുമാണ്. ഗോവയുടെ വിജയ ലക്ഷ്യം 155 റണ്ണായിരുന്നു. ഓപ്പണര്‍ ഇഷാന്‍ ഗാദേകറുടെയും (136 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 67) സിദ്ധേഷ് ലാഡിന്റെയും (50 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 33) മികവ് കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു.

ഇഷാന്‍ ഗാദേകര്‍ ഒന്നാം ഇന്നിങ്‌സില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി സെഞ്ചുറിയടിച്ചിരുന്നു (200 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 105).അമോഘ് സുനില്‍ ദേശായി (27 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 23), സുയാഷ് പ്രഭുദേശായ് (14), സ്‌നേഹാല്‍ കൗതുന്‍കാര്‍ (13) എന്നിവര്‍ പുറത്തായി. വൈശാഖ് ചന്ദ്രന്‍, നായകന്‍ സിജോമോന്‍ ജോസഫ്, ജലജ് സക്‌സേന എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. കേരളത്തിനു വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ രോഹന്‍ പ്രേം (138 പന്തില്‍ 70) മികച്ചുനിന്നു. മോഹിത് രേധ്കര്‍ 73 റണ്‍ വഴങ്ങി ആറ് വിക്കറ്റെടുത്തു. ശുഭം ദേശായി രണ്ട് വിക്കറ്റും ലക്ഷ്യ ഗാര്‍ഗ്, ദര്‍ശന്‍ മിസാല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ഇഷാന്‍ ഗാദേകറാണു മത്സരത്തിലെ താരം. മുന്‍ ചാമ്പ്യന്‍ കര്‍ണാടക ഏഴ് വിക്കറ്റിനു ഛത്തീസ്ഗഡിനെ തോല്‍പ്പിച്ചു. തമിഴ്‌നാടും മുംബൈയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചു. സര്‍വീസസ് പോണ്ടിച്ചേരിയെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചു.

Share
അഭിപ്രായം എഴുതാം