അരുണാചല്‍ സംഘര്‍ഷം: ചൈനീസ് മാധ്യമങ്ങള്‍ക്കു മൗനം, സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം

ബെയ്ജിങ്: അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ ഇന്ത്യയുടെയും ചൈനയുടെ സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു ചൈനയുടെ നിലപാടുകള്‍ക്കെതിരേ വെയ്‌ബോ അടക്കമുള്ള ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വിമര്‍ശനം. വിഷയത്തില്‍ ചൈനീസ് മാധ്യമങ്ങള്‍ മൗനം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കെതിരേയാണ് ചൈനക്കാരുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകള്‍ ഇങ്ങനെ:

  1. ഏറ്റുമുട്ടല്‍ സംഭവം ചൈനീസ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്തരം നിര്‍ണായക വിഷയങ്ങളില്‍ വാര്‍ത്ത നല്‍കും മുമ്പ് ചൈനയില്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അതിര്‍ത്തിയിലെ സംഭവങ്ങള്‍ അറിയാന്‍ തങ്ങള്‍ വിദേശമാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ആദ്യപ്രതികരണം.
  2. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍നിന്നും ആഭ്യന്തരപ്രശ്‌നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് അരുണാചലിലെ കടന്നുകയറ്റമെന്ന് ഒരു വിഭാഗം സംശയിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ യുദ്ധം വേണമെന്നു ജനങ്ങള്‍ ചിന്തിക്കുന്നതേയില്ല. ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്ന രാജ്യമല്ലെന്നും പകരം സാമ്പത്തിക വളര്‍ച്ചയിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.
  3. വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ ഒട്ടും സുതാര്യത പാലിക്കുന്നില്ലെന്നും വിമര്‍ശനം. സ്വകാര്യ മാധ്യമങ്ങളായാലും ഔദ്യോഗിക സര്‍ക്കാര്‍ വക്താക്കളായാലും യഥാര്‍ഥ വിവരം ലഭിക്കുക വളരെ പ്രയാസം.
  4. വിവിധ വിഷയങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ശക്തം. കോവിഡ് കേസുകള്‍ ഉയരുന്നതില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാന്‍ ചൈനീസ് സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുയാണോയെന്നും ചിലര്‍ ചോദിക്കുന്നു.
  5. ചൈനയ്‌ക്കെതിരേ ഇന്ത്യയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നുവെന്നാണു ചിലരുടെ ആരോപണം. കാബൂളില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ക്കുനേരെയുണ്ടായ ആക്രമണവും ടിബറ്റ് ഓട്ടോണമസ് റീജിയനിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ യു.എസ്. ഉപരോധവുമെല്ലാം ഇതിന്റെ ഭാഗമായി അവര്‍ കാണുന്നു. എല്ലാ കുഴപ്പങ്ങള്‍ക്കും പിന്നില്‍ യു.എസ്. ആണെന്നാണു മറ്റു ചിലരുടെ നിലപാട്. ഇന്ത്യ ചൈനക്കെതിരേ യുദ്ധത്തിനു തയാറെടുക്കുകയാണെന്നു പറയുന്നവരുമുണ്ട്.
Share
അഭിപ്രായം എഴുതാം