ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പറേഷനിലെ കനത്ത തോല്‍വിക്കു പിന്നാലെ ബി.ജെ.പി. ഡല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്ത രാജിവച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 15 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അധ്യക്ഷന്റെ രാജി.
ആദേശിന്റെ രാജി ബി.ജെ.പി. കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ആദേശിനു പകരം വീരേന്ദ്ര സച്ച്ദേവയെ വര്‍ക്കിങ് പ്രസിഡന്റായി നിയോഗിച്ചു. 2020-ലാണ് ബി.ജെ.പി. ഡല്‍ഹി ഘടകം അധ്യക്ഷനായി ആദേശ് ഗുപ്തയെ നിയമിച്ചത്. അന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെ മനോജ് തിവാരിയെ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റി ആദേശിനെ നിയോഗിക്കുകയായിരുന്നു. ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് മേയര്‍ ആം ആദ്മി പാര്ട്ടിയില്നിന്നായിരിക്കുമെന്നും ബി.ജെ.പി. ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും കഴിഞ്ഞ ദിവസം ആദേശ് ഗുപ്ത പ്രതികരിച്ചിരുന്നു.



