ടെഹ്റാൻ: പശ്ചിമേഷ്യയിൽ വെടിനിർത്തൽ ചർച്ചകൾ പൂർണമായി പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കൻ സൈന്യവും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും തമ്മിൽ നേരിട്ടുള്ള യുദ്ധം ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കൻ ഇറാനിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലും ഇരുവിഭാഗങ്ങളും തമ്മിൽ അതിരൂക്ഷമായ വെടിവെപ്പും ശക്തമായ സ്ഫോടനങ്ങളും നടന്നതായാണ് റിപ്പോർട്ടുകൾ.
മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു
.അമേരിക്കൻ നാവികസേന ഇറാൻ തുറമുഖങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തെത്തുടർന്ന് മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് (മെയ് 26) പുലർച്ചെയോടെ ഇറാന്റെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിനെ ലക്ഷ്യമാക്കി വൻ സ്ഫോടന പരമ്പരകൾ ഉണ്ടായി. അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം നടത്തിയ ആക്രമണത്തിന് മറുപടിയായി തങ്ങൾ നടത്തിയ ‘സ്വയം പ്രതിരോധ’ ആക്രമണങ്ങളാണ് ഇതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. എന്നാൽ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം രണ്ട് യുഎസ് ഡ്രോണുകളെ വിജയകരമായി വെടിവെച്ചിട്ടതാണെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാന്റെ തീരദേശ നഗരങ്ങളായ സിരിക്, ജാസ്ക് എന്നിവടങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ
ബന്ദർ അബ്ബാസിന് പുറമെ ഇറാന്റെ തീരദേശ നഗരങ്ങളായ സിരിക്, ജാസ്ക് എന്നിവടങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും എണ്ണ വിതരണത്തെയും ഈ പുതിയ യുദ്ധസാഹചര്യം വരും ദിവസങ്ങളിൽ സാരമായി ബാധിക്കുമെന്നാണ് അന്താരാഷ്ട്ര വിലയിരുത്തലുകൾ.