ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള മെഗാ പ്രതിരോധ കരാറിലേക്ക് ഇന്ത്യ. അത്യാധുനിക 4.5 ജനറേഷൻ മൾട്ടിറോൾ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഔദ്യോഗിക അപേക്ഷയായ ‘ലെറ്റർ ഓഫ് റിക്വസ്റ്റ്’ ഇന്ത്യ തയ്യാറാക്കി. വരും ആഴ്ചകളിൽ തന്നെ ഈ രേഖ ഫ്രാൻസിന് കൈമാറുമെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. ഏകദേശം 3.25 ലക്ഷം കോടി രൂപയാണ് ഈ വൻ കരാറിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം അവസാനത്തോടെ അന്തിമ കരാർ ഒപ്പുവെക്കും
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ജൂൺ ആദ്യവാരം ഫ്രാൻസ് സന്ദർശിക്കുന്നുണ്ട്. ഇതിന് പിന്നാലെ ജൂൺ 15 മുതൽ 17 വരെ ജി7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിലെത്തും. ഈ സന്ദർശനങ്ങൾ കരാറിന് അന്തിമ രൂപം നൽകും. സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം ഈ വർഷം അവസാനത്തോടെ അന്തിമ കരാർ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്.
വിമാനങ്ങളുടെ നിർമാണത്തിൽ 50 ശതമാനത്തോളം തദ്ദേശീയ സാങ്കേതികവിദ്യയും ഉത്പന്നങ്ങളും ഉപയോഗിക്കും.
കരാറിലെ 114 വിമാനങ്ങളിൽ 24 എണ്ണം ഫ്രാൻസ് നേരിട്ട് നിർമ്മിച്ച് നൽകും. ബാക്കി 90 വിമാനങ്ങളും ഫ്രഞ്ച് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനും ഇന്ത്യൻ കമ്പനിയും സംയുക്തമായി ഇന്ത്യയിൽ വെച്ച് തന്നെ നിർമിക്കും. ഈ വിമാനങ്ങളുടെ നിർമാണത്തിൽ 50 ശതമാനത്തോളം തദ്ദേശീയ സാങ്കേതികവിദ്യയും ഉത്പന്നങ്ങളും ഉപയോഗിക്കും.
അതിർത്തികളിൽ നിന്നുള്ള ഇരട്ട ഭീഷണി നേരിടാൻ
ചൈന, പാകിസ്ഥാൻ അതിർത്തികളിൽ നിന്നുള്ള ഇരട്ട ഭീഷണി നേരിടാൻ വ്യോമസേനയ്ക്ക് കുറഞ്ഞത് 42.5 സ്ക്വാഡ്രൻ ആവശ്യമാണ്. എന്നാൽ നിലവിൽ ഇത് ആശങ്കാജനകമായ രീതിയിൽ 29 ആയി ചുരുങ്ങിയിരിക്കുകയാണ്. ഈ കുറവ് നികത്താനാണ് ഇന്ത്യയുടെ മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിലൂടെ ഈ വിമാനങ്ങൾ വാങ്ങുന്നത്.