തിരുവനന്തപുരം: നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപി എം.ആര്. അജിത് കുമാറിന് കുരുക്ക് മുറുകുന്നു.തെളിവുകള്‍ ശേഖരിക്കാന്‍ അജിത്കുമാർ തടസം നിന്നെന്നും കേസ് ഡയറിയും അന്തിമ അന്വേഷണ റിപ്പോര്‍ട്ടും തിരുത്തിച്ചെന്നുമാണ് കേസ് അന്വേഷിച്ച അഞ്ച് പോലീസ് ഉദ്യോഗസ്ഥർ അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം
ഗണ്മാന്മാരെ ചോദ്യംചെയ്യുന്നത് അജിത് കുമാര്‍ തടഞ്ഞുവെന്നും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ അനുവദിച്ചില്ലെന്നും മൊഴിയിൽ പറയുന്നു. രണ്ട് ഡിവൈഎസ്പിമാരും രണ്ട് ഇന്‍സ്പെക്ടര്‍മാരും ഒരു എസ്ഐയുമാണ് മൊഴി നല്‍കിയത്. കേസിൽ അജിത് കുമാറിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനു ശേഷം മാത്രമാകും എഡിജിപിക്കെതിരേ റിപ്പോര്‍ട്ട് നല്‍കുക. കേസ് അട്ടിമറിച്ചതില്‍ അജിത് കുമാറിനെ പ്രതി ചേര്‍ത്തേക്കും. കൂടാതെ, അജിത് കുമാറിന്റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാരും പ്രതികളാകും.
പുനരന്വേഷണത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് കൈമാറും
അതേസമയം, “രക്ഷാപ്രവർത്തനം’ സംബന്ധിച്ച് നടത്തിയ പുനരന്വേഷണത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് കൈമാറും. സംസ്ഥാന പോലീസ് മേധാവിക്ക് ആണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ വകുപ്പ്തല നടപടികൾ ഉണ്ടായേക്കും.