കൊച്ചി: എറണാകുളം ഇരുമ്പത്ത് ആറ് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിയിലായി . മഹഫൂജ് എസ്.കെ (21), ഈമാൻ എസ്.കെ (23) എന്നിവരാണ് പിടിയിലായത്.കൊച്ചി സിറ്റി പോലീസാണ് ഇരുവരെയും പിടികൂടിയത്. മുർഷിദാബാദ് ജില്ലയിലെ കാസിപാറ സ്വദേശികളാണ് ഇരുവരും. ഇവർ സഹോദരങ്ങളാണെന്നും വിവരമുണ്ട്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം ഇരുമ്പനം ചുങ്കത്ത് റോഡിലുള്ള പ്രതികളുടെ വാടക വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്. പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ 6.112 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി ലോക്കൽ പോലീസിന് കൈമാറി.
ലഹരി വിനിമയം തടയുന്നതിനായി പരിശോധന കർശനമായി തുടരും
ഇവർക്ക് കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റു ലഹരി മാഫിയകൾക്ക് പങ്കുണ്ടോ എന്നും അറിയാൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ ലഹരി വിനിമയം തടയുന്നതിനായി പരിശോധന കർശനമായി തുടരുമെന്ന് പോലീസ് കമ്മീഷ്ണർ അറിയിച്ചു.