ന്യൂഡല്‍ഹി: തനിക്കെതിരേ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിച്ച കേരള സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍ . മുതിര്‍ന്ന അഭിഭാഷകരമായി സംസാരിച്ചെങ്കിലും ഉപദേശത്തിന് 45 ലക്ഷം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കോടതി വിധിയെ ബഹുമാനിക്കുന്നു. പ്രിയയുടെ ഭര്‍ത്താവ് കെ.കെ. രാഗേഷിനു മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്ഥാനമാണ് നിയമനത്തിനു പിന്നിലെന്നും ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാല നിയമനവിവാദങ്ങള്‍ക്കു പിന്നാലെ, മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് വിഷയത്തിലും ഗവര്‍ണര്‍ സര്‍ക്കാരിനെ കടിച്ചുകുടഞ്ഞു.
മൈനസ് 40 ഡിഗ്രി തണുപ്പില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്കു പെന്‍ഷന്‍ ലഭിക്കാന്‍ 10 വര്‍ഷം കാത്തിരിക്കേണ്ടപ്പോള്‍, കേരളത്തിലെ മന്ത്രിമാരുടെ സ്റ്റാഫിനു പെന്‍ഷന്‍ ലഭിക്കാന്‍ രണ്ടുവര്‍ഷം മതി. ഇതു കൊള്ളയാണെന്നും ദേശീയശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഓരോ മന്ത്രിയും ഇരുപത്തഞ്ചോളം പേരെ പഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ഇങ്ങനെ നിയമനം ലഭിക്കുന്നത്. രണ്ടുവര്‍ഷത്തിനുശേഷം അവരോട് രാജിവയ്ക്കാന്‍ നിര്‍ദേശിക്കുന്നു. രാജിവച്ചവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. ഇതിലൂടെ നിയമത്തെ കൊഞ്ഞനംകാട്ടുകയാണ്. യുവാക്കള്‍ ജോലി തേടി വിദേശത്തു പോകേണ്ട അവസ്ഥ നിലനില്‍ക്കുമ്പോഴാണ് പൊതുധനം ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരും? ഈ തട്ടിപ്പ് നിര്‍ത്തലാക്കാന്‍ തനിക്ക് നിര്‍ദേശിക്കാനാവില്ല.
എന്നാല്‍, വരുംനാളുകളില്‍ ഇത് ദേശീയതലത്തില്‍ ചര്‍ച്ചയാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.സംസ്‌കൃത കോളജിനു മുന്നില്‍ എസ്.എഫ്.ഐ. തനിക്കെതിരേ പോസ്റ്റര്‍ പതിച്ച വിഷയത്തില്‍, പഠിച്ചതേ പാടൂവെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ഇവര്‍ക്ക് എവിടെനിന്നാണു പരിശീലനം ലഭിക്കുന്നതെന്ന് അറിയാമല്ലോ. എങ്കിലും വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിമാരെ നീക്കാന്‍ തനിക്ക് അധികാരമില്ല. എന്നാല്‍, പ്രാദേശികവാദത്തിലൂന്നിയ പ്രസ്താവന ജനങ്ങളെ അറിയിക്കാനാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാലിനു മേലുള്ള പ്രീതി പിന്‍വലിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.ആരോപണവിധേയനായ വ്യക്തി മന്ത്രിസഭയില്‍ തുടരണോയെന്നു തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. കേരളത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുകയെന്ന കടമ മാത്രമാണു താന്‍ ചെയ്തത്.

