മലപ്പുറം: എടപ്പാള്‍ തലമുണ്ടയില്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കുന്നംകുളം കാട്ടകമ്പാല്‍ സ്വദേശി പെരുമ്പുള്ളി പറമ്പില്‍ സുമേഷാണ് (40) അറസ്റ്റിലായത്. എടപ്പാളിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സുമേഷ്. എടപ്പാള്‍ തലമുണ്ട സി.എം.സി.എല്‍.പി. സ്കൂളിനു സമീപം ടൈലറിങ് ഷോപ്പ് നടത്തുന്ന ചെമ്പ്രയില്‍ മണികണ്ഠന്റെ ഭാര്യ സിന്ധുവിന്റെ കണ്ണിലാണ് മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. നിലവിളിച്ച് റോഡിലേക്ക് ഓടിയതോടെ ബൈക്കില്‍ എത്തിയ സുമേഷ് രക്ഷപ്പെടുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് പൊന്നാനി പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. മോഷണം നടന്ന ഷോപ്പിന് സമീപത്തെ സി.സി.ടി.വിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞതിനാല്‍ ഇയാള്‍ പോയ വഴിയുള്ള മറ്റു സി.സി.ടി.വിയും പരിശോധിച്ചു. ജില്ലാതിര്‍ത്തിയായ കോലിക്കരയിലെ സി.സി.ടി.വിയില്‍ ഇയാള്‍ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
എടപ്പാളിലെ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായ പ്രതി ചിലരില്‍നിന്നു കടം വാങ്ങിയിരുന്നു. വീടിന്റെ വാടക നല്‍കാനും കടം വാങ്ങിയ തുക തിരികെ നല്‍കാനും പണമില്ലാത്തതിനാലാണ് മോഷണത്തിനു ശ്രമിച്ചതെന്നു പ്രതി പോലീസിനോട് പറഞ്ഞു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.പൊന്നാനി സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ പൊന്നാനി എസ്.ഐ സുജിത്, സി.പി.ഒമാരായ രഘു, വിനീത്, പ്രവീണ്‍, മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

